ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി

Saturday 01 November 2025 1:03 AM IST

തുറവൂർ : തുറവൂർ ജംഗ്ഷന് തെക്കുവശം മഹാക്ഷേത്രത്തിന്റെ മുൻഭാഗത്ത് ജപ്പാൻ കുടിവെള്ള പദ്ധതിയിലെ പ്രധാന കുഴൽ പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴായി. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാന നിർമാണത്തിനിടയിൽ ഓട്ടോസ്റ്റാൻഡിനടുത്ത് കുടിവെള്ള പൈപ്പ് പൊട്ടുകയായിരുന്നു. തുടർന്ന് വെള്ളം പരിസരത്തുള്ള കടകളിൽ കയറി. ജലവിതരണം വെള്ളിയാഴ്ച വൈകുന്നേരത്തോടെ പുനരാരംഭിക്കാനാകുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട അശാസ്ത്രീയ കാന നിർമ്മാണ പ്രവർത്തനങ്ങളാണ് കുടിവെള്ളപൈപ്പ് നിരന്തരം പൊട്ടുന്നതിനും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നതിനും കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ വാട്ടർ അതോറിറ്റി അധികൃതരുടെ സാന്നിധ്യം വേണമെന്ന ഉത്തരവ് പാലിക്കാതെ അന്യസംസ്ഥാന തൊഴിലാളികളെ വെച്ച് കാന നിർമ്മാണം നടത്തുന്നതുകൊണ്ടാണ് നിരന്തരം കുടിവെള്ള കുഴൽ പൊട്ടുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.