ഓപ്പറേഷൻ സൈ ഹണ്ടിൽ ഇരിട്ടിയിലും ആറളത്തും നാലു കേസുകൾ മലയോരത്തെ വിഴുങ്ങി 'ഹുണ്ടി' മറിയുന്നത് കോടികൾ
ഇരിട്ടി:വിദേശത്തുനിന്ന് ഉൾപ്പെടെ അനധികൃതമായി നടത്തുന്ന പണ ഇടപാടുകൾ കണ്ടെത്തുന്നതിന് സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൽ ഇരിട്ടി,ആറളം സ്റ്റേഷൻ പരിധിയിൽ നാലു കേസുകൾ രജിസ്റ്റർ ചെയ്തു. വിദേശത്തുള്ള സുഹൃത്തിൽ നിന്നും 180000 രൂപ ഹുണ്ടി ഇടപാടിലൂടെ കടം വാങ്ങിയ ആറളം സ്വദേശി സവാദ് എന്നയാൾക്കെതിരെ ആറളം പോലീസ് ബി.എൻ.എസ് 112 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത് .
ഹുണ്ടി ഏജന്റിന്റെ അക്കൗണ്ടിൽ നിന്നും സവാദിന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേയിലൂടെ ഇരിട്ടി ഫെഡറൽ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് പണം കൈമാറിയത് സംബന്ധിച്ച് വിവരം ലഭിച്ച പൊലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. സവാദിന്റെ ബാങ്ക് ഇടപാടുകൾ മുതൽ സോഷ്യൽ മീഡിയ ചാറ്റ് ഉൾപ്പെടെ പൊലീസ് പരിശോധിച്ച് അനധികൃത പണം കൈമാറ്റം നടന്നതായി സ്ഥിരീകരിച്ചു.
ഇരിട്ടി പൊലീസ് രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിലും കീഴൂർ സ്വദേശിയായ പ്രതീഷ് പ്രതിയാണ്. ഈയാൾ ബന്ധുക്കളുടെ അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തിയാണ് പണമിടപാട് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭാര്യ രജിഷയേയും ഒരു കേസിൽ ഇരിട്ടി പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. രജിഷയുടെ പേരിലുള്ള കാനറ ബാങ്ക് , ഇ.എസ്.എ.എഫ് ഇരിട്ടി ശാഖ അക്കൗണ്ടുകളിലൂടെ അനധികൃത പണം കൈമാറ്റം നടന്നതായാണ് പൊലീസ് കണ്ടെത്തിയത് . അക്കൗണ്ടിലേക്ക് പണം കൈമാറിയ കാസർകോട് സ്വദേശികളായ സമദ് ,ജോബർ എന്നിവർക്കെതിരെയും ബി.എൻ.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇവർ ഹുണ്ടി ഇടപാടുകാരാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവരുടെ സോഷ്യൽ മീഡിയ ചാറ്റുകൾ ഉൾപ്പെടെ പൊലീസ് കണ്ടെടുത്തു. ഇതേക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
പ്രതീഷ് കൈകാര്യം ചെയ്ത അക്കൗണ്ടുകളുടെ ഉടമകളും ബന്ധുക്കളുമായ മീത്തലെ പുന്നാട്ടെ ഭാവനയുടെയും ബബീഷിന്റെയും പേരിലും ഇരിട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ബബീഷിന്റെ കാനറ ബാങ്കിന്റെ ഇരിക്കൂർ ശാഖയിലെ അക്കൗണ്ടും ഭാവനയുടെ ഇരിട്ടി ഗ്രമീണബാങ്ക് ശാഖയിലെ അക്കൗണ്ടും അനധികൃത പണമിടപാടിനായി ഉപയോഗിച്ചതായാണ് പരിശോധനയിൽ പൊലീസ് സ്ഥിരീകരിച്ചത്. പ്രതീഷിന്റെ പേരിൽ മറ്റ് പല സ്റ്റേഷനുകളിലും കേസ് നിലവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഹുണ്ടി എന്ന നിയമവിരുദ്ധ ഇടപാട്
പണം ഒരു സ്ഥലത്ത് നിക്ഷേപിച്ച് അവിടെ നിന്നും ഒരു രേഖ കൈപ്പറ്റി, മറ്റൊരിടത്തു നിന്ന് ആ രേഖ കാണിച്ച് പണം തിരികെ കൈപ്പറ്റാനുള്ള സൗകര്യം ലഭ്യമാക്കുന്ന പണമിടപാടാണ് ഹുണ്ടി. വിദേശത്ത് ജോലിചെയ്യുന്നവർ നാട്ടിൽ എത്തിക്കേണ്ട പണം വിദേശത്തെ ഹുണ്ടി ഏജന്റിന് കൈമാറുന്നു . മണിക്കൂറുകൾക്കുള്ളിൽ പറഞ്ഞ ഇടത്തേക്ക് പണം നാട്ടിൽ ഹുണ്ടി ഏജന്റ് എത്തിക്കുന്നു. ഇടപാടുകാരുടെ വിശ്വസ്തതയാണ് നിയമവിരുദ്ധ നടപടി തുടരുന്നതിന് പിന്നിൽ.
മറ്റുള്ളവരുടെ ഇടപാടിന് കൂട്ടുനിൽക്കരുത്
മറുപടിയില്ലെങ്കിൽ കുടുങ്ങും
നിയമസംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ഹുണ്ടി പണഇടപാടുകൾ ഏതുസമയവും പിടിക്കപ്പെട്ടേക്കാം.പണം ഇടപാട് സംബന്ധിച്ച് ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് അറസ്റ്റ് , റിമാൻഡ് ഉൾപ്പെടെയുള്ള നിയമ നടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ് .