വിധവയായ 37കാരിയെ സഹായിക്കാനെത്തി, പിന്നെ ആവശ്യപ്പെട്ടത് വഴങ്ങണമെന്ന്; പ്രൊഫസര്‍ മൈലാരപ്പ അറസ്റ്റില്‍

Friday 31 October 2025 10:17 PM IST

ബംഗളൂരു: ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിധവയായ യുവതിയുടെ പരാതിയില്‍ പ്രൊഫസര്‍ അറസ്റ്റില്‍. ബംഗളൂരു സര്‍വകലാശാലയിലെ പ്രൊഫസര്‍ ബി.സി മൈലാരപ്പയാണ് പീഡനക്കേസില്‍ അറസ്റ്റിലായത്. പീഡനത്തിനെതിരെ പൊലീസിനെ സമീപിച്ച് കേസ് കൊടുത്തുവെന്ന് ആരോപിച്ച് ഇയാള്‍ യുവതിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും ചെയ്തു. വീട്ടില്‍ അതിക്രമിച്ച് കയറി ബഹളമുണ്ടാക്കിയെന്ന പരാതിയിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ഗിരീഷ് അറിയിച്ചു.

യുവതിയുടെ ബന്ധുവായ അഭിഭാഷകന്റെ വീട്ടിലെത്തിയും ഇയാള്‍ ബഹളമുണ്ടാക്കിയിരുന്നു. 2022 മുതല്‍ പ്രൊഫസറെ പരിചയമുണ്ടെന്നാണ് യുവതി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഒരു സ്വത്ത് തര്‍ക്കത്തില്‍ പ്രൊഫസര്‍ സഹായവുമായി എത്തിയിരുന്നു. പിന്നീട് അഭിഭാഷകനെതിരെ ഇയാള്‍ തയ്യാറാക്കിയ പരാതിയില്‍ ഒപ്പിട്ടാത്തതിന് അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

കുട്ടികള്‍ വീട്ടിലില്ലാത്ത സമയത്ത് ഇവിടെ എത്തി തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിന് പുറമേ അമേരിക്കയിലുള്ള യുവതിയുടെ സഹോദരനെ ഫോണില്‍ വിളിച്ച് തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുകയും ചെയ്തുവെന്നും യുവതി ബംഗളൂരു വെസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.