ജില്ലാ പഞ്ചായത്ത് അവസാനയോഗത്തിൽ പ്രസംഗിച്ച് പി.പി.ദിവ്യ
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ അവസാന ഭരണസമിതി യോഗത്തിൽ വൈകാരിക പ്രസംഗവുമായി മുൻ പ്രസിഡന്റ് പി.പി ദിവ്യ. ഭരണ സമിതി അംഗങ്ങൾ ക്ഷണിച്ചതിനെ തുടർന്നാണ് ഇന്നലെ രാവിലെ ദിവ്യ എത്തിയത്. 20 മിനിട്ട് നീണ്ട പ്രസംഗത്തിൽ ജില്ലാ പഞ്ചായത്തിലെ അനുഭവങ്ങൾ വിവരിച്ചെങ്കിലും ,പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതുമായി ബന്ധപ്പെട്ട് യാതൊന്നും പറഞ്ഞില്ല.
26ാം വയസിൽ ഭരണസമിതിയിലെത്തിയ താൻ ഈ ഡിസംബറോടെ പതിനഞ്ചു വർഷം തികയ്ക്കുകയാണ്. കഴിഞ്ഞ ഭരണ സമിതിയിൽ കാരായി രാജൻ ആദ്യത്തെ പ്രസിഡന്റായിരുന്നപ്പോൾ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ആറു മാസക്കാലം വൈസ് പ്രസിഡന്റിനൊപ്പം പ്രസിഡന്റിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും സംഘർഷഭരിതമായ ആ സമയത്ത് ആത്മവിശ്വാസം നൽകിയത് കാരായി രാജനാണ്.
ഇപ്പോഴത്തെ ഭരണസമിതി പ്രതിപക്ഷ ,ഭരണ പക്ഷ വ്യത്യാസമില്ലാതെ ഒരു കുടുംബം പോലെയായിരുന്നു..ചേർത്ത് പിടിച്ചവരും പിന്തുണച്ചവരുമായ എല്ലാവരോടും നന്ദി
പറഞ്ഞാണ് ദിവ്യ പ്രസംഗം അവസാനിപ്പിച്ചത്.മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.പി ദിവ്യ രാജി വച്ചത്. ഇതിന് ശേഷം ഇതാദ്യമായാണ് ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തിയത്.