ലോട്ടറിക്കടയിലെ മോഷണം:പ്രതി അറസ്റ്റിൽ
ചേർത്തല:ചേർത്തല നഗരത്തിലെ ലോട്ടറി ടിക്കറ്റ് വിൽപ്പനശാലയിൽ നിന്ന് 2.16 ലക്ഷം രൂപയുടെ ഭാഗ്യക്കുറി ടിക്കറ്റും പതിനായിരത്തോളം രൂപയും മോഷ്ടിച്ച കേസിൽ പ്രതിയെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂർ വളമംഗലം മല്ലികശേരി എസ്.ധനേഷ് കുമാറി (40)നെയാണ് ചേർത്തല സി.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചേർത്തല ദേവീ ക്ഷേത്രത്തിന് തെക്ക് വശം കണിച്ചുകുളങ്ങര പള്ളിക്കാവ് വെളി ലത ബാബുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബ്രദേഴ്സ് ഭാഗ്യക്കുറി വിൽപ്പനശാലയിൽ 20 ന് പുലർച്ചെയാണ് മോഷണം നടന്നത്. ഇവിടെ നിന്നും മോഷ്ടിച്ച ഭാഗ്യക്കുറികൾ തൃശൂർ,ഗുരുവായൂർ, മലപ്പുറം, കോഴിക്കാട് കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ വിൽപന നടത്തിയിരുന്നു. കൊയിലാണ്ടിയിലെ ഭാഗ്യക്കുറി വിൽപ്പന ശാലയിലെ സി.സി. ടിവി ദൃശ്യങ്ങളിൽ നിന്നാണ് ധനേഷ് കുമാറിനെ തിരിച്ചറിഞ്ഞത്. മോഷണം നടത്തിയ കടയിൽ ആറുമാസം മുൻപ് ഷട്ടർ പൊളിച്ച് അകത്തുകടക്കാൻ ശ്രമിച്ചിരുന്നു.ഈ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. ചേർത്തല,കുത്തിയതോട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ധനേഷ്. ഇയാളെ ഇന്നലെ വൈകിട്ട് മോഷണം നടത്തിയ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.ഇന്ന് കോടതിയിൽ ഹാജരാക്കും.