'സർക്കാർ വഞ്ചിച്ചു, പണം കിട്ടിയില്ല': കുട്ടികളെ ബന്ദികളാക്കിയത് രണ്ട് കോടിക്കുവേണ്ടി
മുംബയ്: 17 കുട്ടികൾ ഉൾപ്പെടെ 19 പേരെ ബന്ദികളാക്കി രാജ്യത്തെ മുൾമുനയിൽ നിറുത്തിയ സിനിമാ പ്രവർത്തകനായ രോഹിത് ആര്യയെ (50) കഴിഞ്ഞ ദിവസമാണ് മുംബയ് പൊലീസ് വെടിവച്ചു കൊന്നത്. ഇയാൾ എന്തിന് കുട്ടികളെ ബന്ദികളാക്കിയെന്നതടക്കമുള്ള ചോദ്യങ്ങളിൽ ദുരൂഹത തുടരവെ, നിർണായക വെളിപ്പെടുത്തലുമായി ഭാര്യ അഞ്ജലി രംഗത്തെത്തി.
മഹാരാഷ്ട്ര സർക്കാരിൽ നിന്ന് രണ്ടു കോടിയോളം രൂപ രോഹിതിന് കിട്ടാനുണ്ടായിരുന്നെന്നും സർക്കാർ രോഹിതിനെ വഞ്ചിച്ചെന്നും അഞ്ജലി പറയുന്നു. സർക്കാരിന്റെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള രോഹിതിന്, അതിന്റെ അംഗീകാരമോ ഫണ്ടോ ലഭിച്ചില്ലെന്നും അഞ്ജലി വെളിപ്പെടുത്തി.
വ്യാഴാഴ്ചയാണ് വെബ് സീരീസിന്റെ ഓഡീഷനെന്ന പേരിൽ വിളിച്ചുവരുത്തിയ 10 -14 വയസുള്ള 17 കുട്ടികളെയും രണ്ട് സ്ത്രീകളെയും രോഹിത് ബന്ദികളാക്കിയത്. മുംബയിലെ എൽ ആൻഡ് ടി ബിൽഡിംഗിലുള്ള ആർ.എ സ്റ്റുഡിയോയിൽ മൂന്നു മണിക്കൂറോളം ഇയാൾ ഇവരെ ബന്ദികളാക്കി. തനിക്ക് പണം വേണ്ടെന്നും ചില ഉദ്യോഗസ്ഥരുമായി സംസാരിക്കാനുണ്ടെന്നും പറഞ്ഞ് വീഡിയോയും ഇയാൾ പുറത്തുവിട്ടിരുന്നു. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയില്ല.
തുടർന്ന് അതിസാഹസികമായി ഹൈഡ്രോളിക് കട്ടറുകൾ ഉപയോഗിച്ച് കെട്ടിടത്തിന്റെ ഗ്രില്ലുകൾ അറുത്തുമാറ്റിയാണ് പൊലീസ് ഇവരെ രക്ഷപ്പെടുത്തിയത്. ഇതിനിടെ പൊലീസ് രോഹിതിനെ വെടിവച്ചുവീഴ്ത്തുകയായിരുന്നു.
# അഞ്ജലി പറയുന്നത്
2022 - 23ൽ ലെറ്റ്സ് ചേഞ്ച് എന്ന നഗര ശുചിത്വ കാമ്പെയ്‌ന്റെ നേതൃത്വം സർക്കാർ രോഹിതിന്റെ കമ്പനിയായ അപ്സര മീഡിയ എന്റർടൈൻമെന്റ് നെറ്റ്‌വർക്കിന് നൽകി
പദ്ധതിയുടെ രണ്ടാം ഘട്ടമായി സ്കൂളുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ 'മാജി ശാല, സുന്ദർ ശാല' (എന്റെ സ്കൂൾ, മനോഹരമായ സ്കൂൾ) കാമ്പെയ്ൻ തന്റെ ആശയമാണെന്നും അത് നടപ്പാക്കിയതിന് അർഹമായ അംഗീകാരമോ പ്രതിഫലമോ നൽകിയില്ലെന്നും രോഹിത് ആരോപിച്ചു
പദ്ധതിയ്ക്കായി തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ അവകാശം സർക്കാർ തട്ടിയെടുത്തത്രെ
അന്നത്തെ വിദ്യാഭ്യാസ മന്ത്രി ദീപക് കേസാർക്കർ കുറച്ചുതുക നൽകി. ബാക്കി പിന്നീട് നൽകാമെന്ന് പറഞ്ഞെങ്കിലും പാലിച്ചില്ല
കേസാർക്കറുടെ വസതിക്ക് പുറത്ത് നിരവധി തവണ രോഹിത് പ്രതിഷേധിച്ചു. ഒരുതവണ പൊലീസ് അറസ്റ്റ് ചെയ്തു
# പണം പിരിച്ചെന്ന് സർക്കാർ
ആരോപണങ്ങൾ കേസാർക്കർ നിഷേധിച്ചു. അതേ സമയം, പദ്ധതിയുടെ പേരിൽ രോഹിതിന്റെ സ്ഥാപനം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തിയെന്നും അതിനുള്ള അധികാരം അവർക്കുണ്ടായിരുന്നില്ലെന്നും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദാദാജി ഭൂസെ ആരോപിച്ചു. അതുകൊണ്ട് പിരിച്ച പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ രോഹിതിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ പണം തിരികെ നൽകുകയോ സർക്കാർ നിർദ്ദേശമനുസരിച്ച് ഇനി പിരിവ് നടത്തില്ലെന്നുള്ള സത്യവാങ്മൂലം സമർപ്പിക്കുകയോ ചെയ്തില്ല. ഈ സർക്കാർ അധികാരമേറ്റ ശേഷം പദ്ധതി ഉപേക്ഷിച്ചെന്നും മന്ത്രി പറഞ്ഞു.