അന്ന് ക്യാപ്റ്റൻ ഇന്ന് മിനിസ്റ്റർ, മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അസ്ഹറുദ്ദീൻ
ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഇനി മിനിസ്റ്റർ അസ്ഹറുദ്ദീൻ. കോൺഗ്രസ് നേതാവായ അദ്ദേഹം ഇന്നലെ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ഗവർണർ ജിഷ്ണു ദേവ് വർമ്മ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇതോടെ, തെലങ്കാന മന്ത്രിസഭയിലെ അംഗസംഖ്യ 16 ആയി. വരാനിരിക്കുന്ന ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിൽ കടുത്ത മത്സരം ഉറപ്പായതിനെ തുടർന്നാണ് അസ്ഹറുദ്ദീനെ മന്ത്രിയാക്കിയുള്ള രാഷ്ട്രീയ പരീക്ഷണം. പിന്നാലെ പരിഹസിച്ചുകൊണ്ട് ബി.ജെ.പി രംഗത്തെത്തി. ജൂബിലി ഹിൽസ് എം.എൽ.എയായിരുന്ന ബി.ആർ.എസ് നേതാവ് മാഗന്തി ഗോപിനാഥ് ജൂണിൽ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
2023ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസിൽ മാഗന്തി ഗോപിനാഥിനെതിരെ കോൺഗ്രസ് ടിക്കറ്റിൽ മുഹമ്മദ് അസ്ഹറുദ്ദീൻ മത്സരിച്ചിരുന്നു. ജനകിയ എം.എൽ.എ എന്ന ഇമേജുണ്ടായിരുന്ന മാഗന്തി 16,337 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. അദ്ദേഹത്തിന്റെ ഹാർട്രിക് വിജയമായിരുന്നു അത്. ഉപതിരഞ്ഞെടുപ്പിൽ നവീൻ യാദവിനെ സ്ഥാനാർത്ഥിയാക്കാനാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം ആലോപിച്ചിരുന്നത്. എന്നാൽ ഹൈക്കമാൻഡ് ഇടപെടലോടെ അസ്ഹറുദ്ദീൻ തിരഞ്ഞെടുപ്പിന്റെ ക്രീസിൽ വീണ്ടും എത്തുകയായിരുന്നു. മന്ത്രിയുടെ മോടിയിൽ മത്സരരംഗത്തിറങ്ങിയാൽ സീറ്റ് നേടാനാകുമെന്ന കണക്കൂകൂട്ടലാണ് കേന്ദ്രനേതൃത്വത്തിന്. ഒരു ലക്ഷത്തോളം മുസ്ലിം വോട്ടുകളാണ് മണ്ഡലത്തിലുള്ളത്.
വിമർശനം തള്ളി
ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷ വോട്ട് ബാങ്കിംഗ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രീണന രാഷ്ട്രീയമെന്ന ബി.ജെ.പി ആരോപണം അസ്ഹറുദ്ദീൻ നിഷേധിച്ചു. ജൂബിലി ഉപതിരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ല. അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി സത്യസന്ധമായി പ്രവർത്തിക്കും. ആരിൽ നിന്നും ദേശസ്‌നേഹ സർട്ടിഫിക്കറ്റ് ആവശ്യമില്ല- അദ്ദേഹം പറഞ്ഞു.