പുന്നാവൂർ വീട്ടിൽ നിന്ന് 30 പവൻ കവർന്നു

Saturday 01 November 2025 1:28 AM IST

മലയിൻകീഴ്: മാറനല്ലൂർ പുന്നാവൂർ റോഡരികത്ത് കൈതയിൽ ബാബുവിന്റെ വീട്ടിൽ നിന്ന് 30 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. ഇന്നലെ രാത്രി 8ഓടെയാണ് സംഭവം. ബാബുവും കുടുംബവും പുന്നാവൂർ കർമ്മലമാതാ പള്ളിയിൽ ആരാധനയ്ക്ക് പോയി മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പുറകുവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ ബഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ബാബുവിന്റെ മരുമകൾ അനീഷയുടെ വളകൾ,നെക്ളസ്,മാല എന്നിവയാണ് കവർന്നത്. തടി അലമാര കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് ആഭരണങ്ങൾ കവർന്നത്.

ബാബുവിന്റെ മകൻ സാബു വിദേശത്താണ്. ഇന്നലെ രാത്രി 7.30 ഓടെയാണ് ബാബുവും ഭാര്യ ഉഷയും മരുമകൾ അനീഷയും കുഞ്ഞുങ്ങളുമായി പള്ളിയിൽ പോയത്. കുഞ്ഞിന് ഷാൾ എടുക്കാനായി അനീഷ വീട്ടിലെത്തിയപ്പോൾ വാതിൽ തകർന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടന്ന തെരച്ചിലിലാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.