'ദേശീയ ഏകതാ ദിവസി'ൽ മോദി, 'കാശ്മീർ രാജ്യത്തോട് ചേർക്കാൻ പട്ടേൽ ആഗ്രഹിച്ചു,​ നെഹ്‌റു തടഞ്ഞു'

Saturday 01 November 2025 12:29 AM IST

ന്യൂഡൽഹി: കാശ്മീരിനെ മുഴുവനായി ഇന്ത്യക്കൊപ്പം ചേർത്തുനിറുത്താനായിരുന്നു സർദാർ വല്ലഭായ് പട്ടേലിന്റെ ആഗ്രഹമെന്നും അതിന് തടസം നിന്നത് ജവഹർലാൽ നെഹ്‌റുവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ നർമ്മദ ജില്ലയിലെ ഏകതാ നഗറിൽ ദേശീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോദി.

ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മദിനത്തിന്റെ ഭാഗമായാണ് രാജ്യം ഇന്നലെ ദേശീയ ഏകതാ ദിവസ് ആഘോഷിച്ചത്. നെഹ്‌റു കാശ്മീരിനെ വിഭജിച്ചു. പ്രത്യേക ഭരണഘടനയും പതാകയും നൽകി. കോൺഗ്രസിന്റെ ആ തെറ്റ് കാരണം രാജ്യം പതിറ്റാണ്ടുകളായി കഷ്ടപ്പെട്ടു- മോദി പറഞ്ഞു. 550ലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന അസാദ്ധ്യമായ ദൗത്യം പട്ടേൽ സാദ്ധ്യമാക്കി. ഒരു ഇന്ത്യ, മികച്ച ഇന്ത്യ എന്ന ആശയം അദ്ദേഹത്തിന് പരമപ്രധാനമായിരുന്നു. രാഷ്ട്രത്തെ സേവിക്കുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് പട്ടേൽ പറഞ്ഞിരുന്നു. 182 മീറ്റർ ഉയരമുള്ള പട്ടേലിന്റെ പ്രതിമയിൽ മോദി പുഷ്പാർച്ചന നടത്തി. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ ഏകീകരിക്കുന്നതിൽ പട്ടേൽ വഹിച്ച പങ്ക് അനുസ്മരിച്ച് 2014 മുതൽ ഒക്ടോബർ 31 ദേശീയ ഐക്യദിനമായി ആഘോഷിച്ചുവരുന്നു.

റിപ്പബ്ലിക് ദിനത്തെ

അനുസ്മരിപ്പിക്കുന്ന പരേഡ്

റിപ്പബ്ലിക് ദിനത്തെ അനുസ്മരിപ്പിക്കുന്ന പരേഡാണ് ഏകതാ പ്രതിമയ്ക്കു മുന്നിൽ അരങ്ങേറിയത്. ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, സി.ആർ.പി.എഫ്, എസ്.എസ്.ബി എന്നീ അർദ്ധസൈനിക വിഭാഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും അണിനിരന്നു. വനിതകളാണ് നയിച്ചത്. എൻ.സി.സി കേഡറ്റുകളും പങ്കെടുത്തു. റാംപൂർ ഹോണ്ട്, മുധോൾ ഹോണ്ട് വിഭാഗങ്ങളിൽപെട്ട സൈന്യത്തിലെ തദ്ദേശീയ ഇനം നായകളും അണിനിരന്നു. നിശ്ചലദൃശ്യങ്ങൾ, ബാൻഡ് പ്രകടനങ്ങൾ, സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടികൾ എന്നിവയുമുണ്ടായിരുന്നു. വ്യോമസേനയുടെ എയർ ഷോയോടുകൂടിയാണ് പരേഡ് അവസാനിച്ചത്.

പുഷ്പാർച്ചന നടത്തി രാഷ്ട്രപതി

ഡൽഹി പട്ടേൽ ചൗക്കിലെ സർദാർ വല്ലഭായി പട്ടേൽ പ്രതിമയിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുഷ്പാർച്ചന ടനത്തി. മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ റൺ ഫോർ യൂണിറ്റി കൂട്ടയോട്ടം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്‌ളാഗ് ഓഫ് ചെയ്തു.