പഞ്ചാബിൽ കെജ്‌രിവാളിന്റെ രണ്ടാം 'ശീഷ് മഹൽ'; ആരോപണവുമായി ബി.ജെ.പി

Saturday 01 November 2025 12:31 AM IST

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിനെതിരെ വീണ്ടും 'ശീഷ് മഹൽ" ആരോപണവുമായി ബി.ജെ.പി. പഞ്ചാബിലെ എ.എ.പി സർക്കാർ കേജ്‌രിവാളിന് രണ്ടേക്കറിൽ സെവൻ സ്റ്റാർ ബംഗ്ലാവ് അനുവദിച്ചെന്ന് ബി.ജെ.പി ആരോപിച്ചു. ബംഗ്ലാവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് എക്‌സ് പോസ്റ്റിലൂടെ ബി.ജെ.പി ആരോപണം ഉന്നയിച്ചത്. എന്നാൽ എ.എ.പി ഇത് നിഷേധിച്ചു. നേരത്തെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും കെജ്‌രിവാളിനെതിരെ ശീഷ് മഹൽ ആരോപണം ഉയർന്നിരുന്നു. ആഡംബര കൊട്ടാരങ്ങളെയാണ് ചില്ലുകൊട്ടാരം എന്ന അർത്ഥത്തിൽ ശീഷ് മഹൽ എന്ന് വിളിക്കുന്നത്. ഡൽഹിയിലെ ശീഷ് മഹൽ ഒഴിഞ്ഞ ശേഷം അതിനേക്കാൾ ഗംഭീരമായ ശീഷ് മഹലാണ് പഞ്ചാബിലെ 'സൂപ്പർ മുഖ്യമന്ത്രി കേജ്‌രിവാളി" ന് ലഭിച്ചിരിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ക്വാട്ടയിലാണ് ചണ്ഡിഗറിലെ സെക്ടർ 2ൽ സെവൻ സ്റ്റാർ സൗകര്യങ്ങളോടെ രണ്ടേക്കറിൽ വിശാലമായി കിടക്കുന്ന ബംഗ്ലാവ് കേജ്‌രിവാളിന് അനുവദിച്ചിരിക്കുന്നത്- ബി.ജെ.പി പറയുന്നു. ഡൽഹിയിൽ തിരഞ്ഞെടുപ്പിൽ തോറ്റ എ.എ.പി നേതാക്കളെയെല്ലാം സമാശ്വാസമെന്നോണം പഞ്ചാബിൽ പലിയടത്തായി നിയമിച്ചിരിക്കുകയാണെന്ന് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനാവാല ആരോപിച്ചു. അതേസമയം, ബി.ജെ.പി നുണ പ്രചരിപ്പിക്കുകയാണെന്ന് എ.എ.പി പ്രതികരിച്ചു. പ്രധാനമന്ത്രിക്കായി 'വ്യാജ യമുന" നിർമ്മിച്ചത് പുറംലോകം അറിഞ്ഞതുമുതൽ ബി.ജെ.പിയുടെ നിലവിട്ടിരിക്കുകയാണ്. അതിന്റെ നിരാശയിൽ എല്ലാം വ്യാജമായുണ്ടാക്കുകയാണ് അവർ. വ്യാജ യമുന, വ്യാജ മലിനീകരണ തോത്, മഴയെക്കുറിച്ചുള്ള വ്യാജ അവകാശവാദം, ഇപ്പോൾ വ്യാജ സെവൻ സ്റ്റാർ ബംഗ്ലാവും- എ.എ.പി പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിയായിരുന്നപ്പോൾ കേജ്‌രിവാളിന്റെ ബംഗ്ലാവ് പുതുക്കിപ്പണിയാൻ എ.എ.പി 45 കോടി രൂപ ചെലവഴിച്ചു എന്ന വിവാദത്തിനിടെയാണ് ആദ്യമായി 'ശീഷ് മഹൽ' പ്രയോഗം ഉയർന്നത്. പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ കേജ്‌രിവാൾ പരാജയപ്പെട്ടിരുന്നു.