കാനയും വന്നില്ല, നടപ്പാതയും വന്നില്ല; കുറുപ്പം റോഡ് ദുരിതപാത
തൃശൂർ: ഉദ്ഘാടനവേദിയിലെ പ്രഖ്യാപനം പാഴ് വാക്കായി,ഗാതഗതത്തിന് തുറന്നുകൊടുത്ത് ആറുമാസം കഴിഞ്ഞിട്ടും കുറുപ്പം റോഡിൽ കാനയും നടപ്പാതയും വന്നില്ല. ഏപ്രിലിൽ പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞ ആഗസ്റ്റ് 16നായിരുന്നു. ഈ സമയം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചെട്ടിയങ്ങാടി, കൊക്കാലെ, കൂർക്കഞ്ചേരി യൂണിറ്റുകളുടെ നേതൃത്വത്തിൽ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു. ഉടൻ ടെൻഡർ വിളിക്കുമെന്നും കാനയും നടപ്പാതയും ഒരുക്കുമെന്നുമായിരുന്നു മേയർ ഉൾപ്പെടെയുള്ളവർ ഉദ്ഘാടനവേദിയിൽ പ്രഖ്യാപിച്ചത്. എന്നാൽ രണ്ടരമാസം പിന്നിട്ടിട്ടും ടെൻഡർ നടപടികൾ പോലുമായില്ല. നിലവിൽ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. കാൽനാടയാത്രക്കാർ മിക്കപ്പോഴും റോഡിന് മദ്ധ്യേ കൂടിയാണ് നടക്കുന്നത്. ഇത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. രണ്ട് അടിയോളം റോഡ് കോൺക്രീറ്റ് ഉയർത്തിയിട്ടും കാന നിർമ്മിക്കാത്തതിനാൽ സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നുവെന്ന പരാതി വ്യാപാരികൾക്കുണ്ട്. ചെറിയ തിട്ട് രൂപപ്പെടുത്തി മഴവെള്ളം തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാനയും നടപ്പാതയും വന്നാൽ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാകൂവെന്നാണ് വ്യാപാരികളുടെ നിലപാട്.
പൊട്ടിപ്പൊളിഞ്ഞ് സ്വരാജ് റൗണ്ടും
പൂരത്തിന് മുൻപേ ടാറിംഗ് നടത്തിയ സ്വരാജ് റൗണ്ടിലെ റോഡ് തുലാമഴയ്ക്കു ശേഷം പൊട്ടിപ്പൊളിഞ്ഞു. നടുവിലാലിന് സമീപമുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞ് നാശമായത്. സ്വരാജ് റൗണ്ടിൽ നിന്നും എം.ജി റോഡിലേക്കും എം.ജി റോഡിൽ നിന്നും സ്വരാജ് റൗണ്ടിലേക്കും പ്രവേശിക്കുന്ന വാഹനങ്ങളും ഇതുമൂലം ബുദ്ധിമുട്ടുന്നുണ്ട്. മാരാർ റോഡിനും നടുവിലാലിനും മദ്ധ്യേയുള്ള സ്വരാജ് റൗണ്ടിലെ പ്രദേശമാണ് ഗതാഗതയോഗ്യമല്ലാതായത്. സ്‌കൂൾ കലോത്സവവും തദ്ദേശ തിരഞ്ഞെടുപ്പും അടുക്കുന്ന വേളയിൽ റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് പ്രധാന ആവശ്യം.