ഹാൻഡ്ലൂം സൊസൈറ്റിയിലെ 1.15കോടി തട്ടിപ്പ്: പ്രസിഡന്റും സെക്രട്ടറിയുമടക്കം 8പേർക്ക് 21വർഷം വീതം തടവ്

Saturday 01 November 2025 1:01 AM IST

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ബാലരാമപുരത്തെ ഇന്റഗ്രേ​റ്റഡ് സിൽക്ക് ഹാൻഡ്ലൂം വിവേഴ്സ് കോ ഓപ്പറേ​റ്റീവ് സൊസൈ​റ്റിയുടെ 1.15കോടി തട്ടിയെടുത്ത കേസിൽ പ്രസിഡന്റും സെക്രട്ടറിയുമടക്കം 8പേർക്ക് കഠിനതടവ്. കൈത്തറി വികസനത്തിന് നാഷണൽ കോ-ഓപ്പറേ​റ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ നിന്നെടുത്ത വായ്പാത്തുകയിലായിരുന്നു തട്ടിപ്പ്. സെക്രട്ടറി മാജിത, പ്രസിഡന്റ് സുരേന്ദ്രൻ, ബോർഡ് മെമ്പർമാരായ വിജയകുമാരി, സുരേഷ്, ശിവരാജൻ, മണിയൻ നാടാർ, ബിജിത്ത് കുമാർ, ചീഫ് പ്രൊമോട്ടറായ മോഹനൻ എന്നിവരെയാണ് വിവിധ വകുപ്പുകളിലായി 21 വർഷം വീതം കഠിന തടവിനും 1,17,85,612 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. തിരുവനന്തപുരം വിജിലൻസ് ജഡ്‌ജി എ.മനോജിന്റേതാണ് ഉത്തരവ്. 2009 ഒക്ടോബർ മുതൽ 2010 മാർച്ച് വരെയായിരുന്നു തട്ടിപ്പ്. രണ്ടുകോടി വായ്പാത്തുക തട്ടിയെടുക്കാൻ പ്രതികൾ അംഗത്വ രജിസ്റ്ററിൽ തിരിമറി നടത്തി. തെറ്റായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകി. അസംസ്കൃത വസ്തുക്കൾ വാങ്ങിയതായി വ്യാജരേഖ ചമച്ച് 1,15,45,612രൂപ തട്ടിയെടുത്തു. ബോർഡംഗമായിരുന്ന മൂന്നാം പ്രതി ഗോപാലപ്പണിക്കർ അന്വേഷണത്തിനിടെ മരിച്ചു. വിജിലൻസിന് വേണ്ടി ലീഗൽ അഡ്വൈസർ രഞ്ജിത് കുമാർ. എൽ.ആർ, പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ എന്നിവർ ഹാജരായി.