രണ്ട് കുട്ടികളെ പീഡിപ്പിച്ച പ്രതിക്ക് 13 വർഷം തടവ്
പ്രതിയെ കോടതിയിലെത്തിച്ചത് ആംബുലൻസിൽ
തിരുവനന്തപുരം: പത്തുവയസുള്ള രണ്ടുകുട്ടികളെ പീഡിപ്പിച്ച രണ്ട് കേസുകളിൽ പ്രതിക്ക് 13 വർഷം തടവിനും 1,50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. മുടവൻമുഗൾ കുന്നുംപുറത്തു വീട്ടിൽ വിജയനെയാണ് (73)
ശിക്ഷിച്ചത്. പ്രത്യേക പോക്സോ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷി വിധിച്ചത്.പക്ഷാഘാതം ബാധിച്ച് തളർന്നുപോയ പ്രതിയെ കോടതി നിർദ്ദേശപ്രകാരം ആംബുലൻസിലാണ് കോടതിയിൽ എത്തിച്ചത്.
ഒരു കേസിൽ പത്തുവർഷം തടവും 1,00,000രൂപ പിഴയും രണ്ടാമത്തെ കേസിൽ മൂന്ന് വർഷവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പ്രതി പിഴയടച്ചാൽ അതും,അർഹമായ നഷ്ടപരിഹാരവും ചേർത്ത് കുട്ടികൾക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.
2021-2022 കാലഘട്ടത്തിലായിരുന്നു സംഭവം. മുടവൻമുഗളിൽ പലവ്യഞ്ജനക്കട നടത്തുന്ന പ്രതി കടയിൽ സാധനം വാങ്ങാനെത്തിയ കുട്ടികളെ പല തവണയായി പീഡിപ്പിക്കുകയായിരുന്നു. ഭയംകൊണ്ട് കുട്ടികൾ വീട്ടുകാരോട് പറഞ്ഞില്ല.കടയിൽ വീണ്ടും സാധനങ്ങൾ വാങ്ങാൻ വീട്ടുകാർ നിർബന്ധിച്ചപ്പോഴാണ് കുട്ടികൾ പരസ്പരം വിവരം പറഞ്ഞത്. അപ്പോഴാണ് രണ്ടുപേരും പീഡിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. പീഡന വിവരമറിഞ്ഞ ബന്ധുക്കൾ പ്രതിയെ മർദ്ദിച്ചിരുന്നു. ഇതിനെതിരെ പ്രതി പൊലീസിൽ കേസ് നൽകി. ഇതിന്റെ വിരോധത്തിലാണ് പ്രതിക്കെതിരെ പീഡനക്കേസ് നൽകിയതെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല. മകളെ പീഡിപ്പിച്ചതുകൊണ്ടാണ് പ്രതിയെ മർദിച്ചതെന്ന് പിതാവ് കോടതിയിൽ മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.