ഫോൺ കോളും ലൊക്കേഷൻ വിവരങ്ങളും ചോർത്തി നൽകി; പത്തനംതിട്ടയിൽ 23കാരനായ ഹാക്കർ പിടിയിൽ

Saturday 01 November 2025 11:32 AM IST

പത്തനംതിട്ട: ഫോൺ കോളും ലൊക്കേഷൻ വിവരങ്ങളും ചോർത്തി നൽകുന്ന ഹാക്കർ പിടിയിൽ. അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസാണ് (23) പിടിയിലായത്. തന്നെ സമീപിക്കുന്നവർക്ക് ഫോൺ കോൾ രേഖകളും മറ്റ് ലൊക്കേഷൻ വിവരങ്ങളും ഇയാൾ പതിവായി ചോർത്തി നൽകാറുണ്ടായിരുന്നു. ഗൗരവമേറിയ സുരക്ഷാ വിവരങ്ങളും ഇയാൾ ചോർത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പത്തനംതിട്ട സൈബർ പൊലീസ് ആണ് ജോയലിനെ പിടികൂടിയത്. എസ്‌പി നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.

അതേസമയം, ഓപ്പറേഷൻ സൈ ഹണ്ടിൽ ഇന്നലെ കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികൾ പിടിയിലായിരുന്നു. ഏലൂർ വടക്കുംഭാഗം സ്വദേശി അഭിഷേക് വിജു (21), പെരുമ്പാവൂർ വെങ്ങോല സ്വദേശി ഹാഫിസ് ഇഎസ് (21), എടത്തല നൊച്ചിമ കോരമ്പാത്ത് വീട്ടിൽ അൽത്താഫ് കെഎഫ് (21) എന്നിവരാണ് പിടിയിലായത്. ഇതിൽ രണ്ടുപേർ കോളേജിലും ഒരാൾ പോളിടെക്‌നിക് കോളേജിലുമാണ് പഠിക്കുന്നത്. പെരുമ്പാവൂർ സ്വദേശിയുടെ നിർദ്ദേശപ്രകാരം ഹാഫിസാണ് അക്കൗണ്ടുകൾ ശേഖരിക്കുന്നത്. ഓരോ തവണയും അക്കൗണ്ടിലെത്തുന്ന തട്ടിപ്പുപണം എടിഎം വഴി പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറുമ്പോൾ വൻതുകയാണ് വിദ്യാർത്ഥികൾക്ക് കമ്മിഷനായി ലഭിച്ചിരുന്നത്.

ഇത്തരത്തിൽ പണം പിൻവലിക്കുന്നതിനിടെയാണ് ഹാഫിസും അൽത്താഫും പൊലീസിന്റെ പിടിയിലായത്. പലരും ആഡംബര വാഹനങ്ങൾ വാങ്ങുകയും വീടുകൾ വയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ടുകളടക്കം പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. കൊച്ചിയിൽ മാത്രം തട്ടിപ്പിനായി ഉപയോഗിച്ച മുന്നൂറിലേറെ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ ശ്രാവണിന്റെ 80,000 രൂപ അടുത്തിടെ സൈബർസംഘം തട്ടിയെടുത്തിരുന്നു. തുടർന്നുള്ള പരാതി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടിൽ രജിസ്റ്റർ ചെയ്തതോടെ പണം കൈമാറിപ്പോയ അക്കൗണ്ടുകളെല്ലാം നിരീക്ഷണത്തിലായി. ഈ പണം അഭിഷേക് പിൻവലിച്ചതോടെയാണ് മൂന്നുപേരുടെയും അറസ്റ്റ് വേഗത്തിലായത്. ഹാഫിസിന്റെ കൈയിൽ നിന്ന് 6.5 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.