'ആ സ്ത്രീയുമായുളള ബന്ധം ഭാര്യയ്ക്ക് അറിയാമായിരുന്നു, അവർക്കുവേണ്ടി പലകാര്യങ്ങളും ചെയ്തു'; വെളിപ്പെടുത്തി ജനാർദ്ദനൻ
മലയാളികൾക്കേറെ പ്രിയപ്പെട്ട നടനാണ് ജനാർദ്ദനൻ. ഒരുകാലത്ത് ഹാസ്യനടനായും പ്രതിനായകനായും സിനിമയിൽ സജീവമായി നിന്നിരുന്ന നടനാണ് അദ്ദേഹം. അടുത്തിടെ തീയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രം ഹൃദയപൂർവത്തിലും അദ്ദേഹം നല്ലൊരു വേഷം അവതരിപ്പിച്ചിരുന്നു. എയർഫോഴ്‌സിലെ ജോലി ഉപേക്ഷിച്ച് സിനിമയിൽ അഭിനയിക്കാനെത്തിയ കാര്യങ്ങളെല്ലാം അദ്ദേഹം പല അഭിമുഖങ്ങളിലും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നടൻ ജീവിതത്തിലെടുത്ത തെറ്റായ തീരുമാനത്തെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിനോട് തുറന്നുപറഞ്ഞിരിക്കുകയാണ്.
'എന്റെ ബന്ധുവിനെ തന്നെയാണ് വിവാഹം കഴിച്ചത്. ഞങ്ങൾ ചെറുപ്പത്തിലേ പരിചയമുണ്ടായിരുന്നു. അന്ന് കുടുംബത്തിൽ ചില എതിർപ്പുകളുണ്ടായിരുന്നു. അവയൊന്നും വകവയ്ക്കാതെയാണ് വിവാഹം നടന്നത്. ഭാര്യാപിതാവ് സൈന്യത്തിലെ വലിയൊരു പദവി വഹിച്ചിരുന്ന ആളായിരുന്നു. അതുകൊണ്ടുതന്നെ എന്റെ ഭാര്യ ഡൽഹിയിലാണ് പഠിച്ചത്. നല്ല ജീവിതസാഹചര്യമായിരുന്നു അവരുടേത്. സുന്ദരിയായിരുന്നു.
നല്ല രീതിയിലാണ് ഞങ്ങളുടെ ജീവിതം മുന്നോട്ടുപോയത്. ജീവിതത്തിൽ ഇതുവരെ എടുത്ത തീരുമാനങ്ങളൊക്കെ ശരിയായിരുന്നു. എന്നാൽ 18 വർഷം മുൻപെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് തോന്നിയിട്ടുണ്ട്. അന്ന് മറ്റൊരു സ്ത്രീയുമായി എനിക്കൊരു ബന്ധമുണ്ടായിരുന്നു. അവർക്കുവേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. ഭാര്യയ്ക്കും അറിയാമായിരുന്നു. എന്നാൽ കുറേ വർഷങ്ങൾ കഴിഞ്ഞതോടെ അവർക്കും മടുപ്പുതോന്നി. അവരുടെ മക്കളൊക്കെ വളർന്നുവലുതായി. ഞാനുമായുളള ബന്ധം നാണക്കേടാകുമെന്ന് അവർക്ക് തോന്നിക്കാണും. അങ്ങനെ അവർ തന്നെ ബന്ധം ഉപേക്ഷിച്ചുപോയി. ഇതല്ലാതെ വേറൊന്നും തെറ്റായി ചെയ്തിട്ടില്ല'- ജനാർദ്ദനൻ പറഞ്ഞു.
നടൻമാരായ മോഹൻലാലിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും അദ്ദേഹം ചില കാര്യങ്ങൾ പങ്കുവയ്ക്കുകയുണ്ടായി.'ജനങ്ങൾക്കറിയാത്ത ഒരുപാട് സഹായങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും ചെയ്യുന്നത്. നമ്മൾ ഉദ്ദേശിക്കുന്നതിലുമപ്പുറം കാര്യങ്ങളാണ് അവർ ചെയ്യുന്നത്. അതുകൊണ്ടാണ് അവർക്ക് നിറയെ ആരാധകരുണ്ടാകുന്നത്. അവരെന്നെ സ്വന്തം സഹോദരനെപോലെയാണ് കാണുന്നത്. മോഹൻലാൽ ചെറുപ്പക്കാലത്ത് സുന്ദരനായിരുന്നു. ഞാൻ അവനെ വിളിക്കൊന്നൊരു പേരുണ്ട്. മോഹൻലാലിനെ എല്ലാവരും പൂവമ്പഴമെന്നാണ് വിളിച്ചിരുന്നത്. മോഹൻലാലിന് ആ പേരറിയില്ല'- ജനാർദ്ദനൻ കൂട്ടിച്ചേർത്തു.