ആന്ധ്രയിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്; മരണസംഖ്യ ഉയരാൻ സാദ്ധ്യത

Saturday 01 November 2025 12:59 PM IST

അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ കാശിബുഗ്ഗയിലുള്ള ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഏകാദശി ആരാധനകൾക്കായി ഭക്തർ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൃഷിമന്ത്രി കെ അച്ചനായിഡു ക്ഷേത്രത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചതായി മന്ത്രി അറിയിച്ചു.

'ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ തിക്കും തിരക്കിലുമുണ്ടായ അപകടം ഞെട്ടലുണ്ടാക്കി. ഭക്തരുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർക്ക് എത്രയും വേഗത്തിൽ ശരിയായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവസ്ഥലം സന്ദർശിക്കാനും ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കാനും പ്രാദേശിക ഉദ്യോഗസ്ഥരോടും പൊതുജന പ്രതിനിധികളോടും അഭ്യർത്ഥിച്ചിട്ടുണ്ട്'-മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.