ചായയോടൊപ്പം എരിവുള്ള 'കടികൾ' കഴിക്കുന്നവരാണോ? ഒളിഞ്ഞിരിക്കുന്ന അപകടം അറിയാം

Saturday 01 November 2025 2:11 PM IST

ചായ പലർക്കും ഒരു ലഹരിയാണ്. വൈകിട്ട് ഒരു ചായ കുടിച്ചില്ലെങ്കിൽ തലവേദന വരുമെന്ന് പറയുന്നവരെ നമ്മൾ കാണാറുണ്ട്. ദിവസേന ഒന്നും രണ്ടും മൂന്നും ചായ കുടിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. എന്നാൽ ദിവസേന ചായ കുടിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

ചായയിൽ കുടലിനെ ബാധിക്കുന്ന ടാനിനുകൾ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ചായ കുടിക്കുന്നത് അസിഡിറ്റിയും നെഞ്ചെരിച്ചിലും ഉണ്ടാക്കും. എരിവുള്ള പലഹാരങ്ങളോ ബിസ്കറ്റുകളോ ചായയോടൊപ്പം കഴിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയേയുള്ളൂവെന്ന് നവി മുംബയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റും ഇന്റർവെൻഷണൽ എൻഡോകോപിസ്റ്റുമായ ഡോ. ദീപക് ബംഗാളെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ചായ ആസ്വദിക്കാനുള്ള സുരക്ഷിതമായ വഴികൾ:

  • വയറിന്റെ ആരോഗ്യത്തിന് ഇഞ്ചി ചേർത്ത ചായ ശീലമാക്കുക
  • വെറും വയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കി ചെറിയ ലഘുഭക്ഷണത്തോടൊപ്പം ചായ കുടിക്കുക.
  • അധികം പഞ്ചസാരയും കടുപ്പവുമുള്ള ചായ ഒഴിവാക്കുക

അമിതമായി ചായ കുടിക്കുന്നത് പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുകയും ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. മാത്രമല്ല, ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും. ദിവസം രണ്ട് അല്ലെങ്കിൽ പരമാവധി മൂന്ന് കപ്പ് ചായ മാത്രമേ കുടിക്കാവൂ. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ചായ കുടിക്കുന്നത് ഒഴിവാക്കുക. ചായ അധികം നേരം തിളപ്പിക്കരുത്. ഇത് ചായയുടെ ഗുണം കുറയ്ക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.