പൊലീസ് സ്റ്റേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും, പൊലീസുകാർക്ക് പരിക്ക്, യുഡിഎഫ് ജില്ലാപഞ്ചായത്തംഗം കസ്റ്റഡിയിൽ
കോഴിക്കോട്: പേരാമ്പ്രയിൽ പൊലീസ് സ്റ്റേഷനിലുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും രണ്ടുപൊലീസുകാർക്ക് പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് പഞ്ചായത്തംഗം ഉൾപ്പെടെയുള്ള രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് യുഡിഎഫ് പ്രവർത്തകരെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ സന്ദർശിക്കാൻ യുഡിഎഫുകാർ എത്തിയതോടെയാണ് സംഘർഷമുണ്ടായത്. ജില്ലാപഞ്ചായത്ത് അംഗവും യൂത്തുകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വിപി ദുൽഖീഫിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരെ കാണാൻ എത്തിയ പ്രവർത്തകർ സ്റ്റേഷനുളളിലേക്ക് കടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബലംപ്രയോഗിച്ച് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതിനെത്തുടർന്നുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്. ഇതോടെ ദുൽഖീഫിലിനെയും മിസ്ഹബ് കീഴരിയൂരിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിൽ യുഡിഎഫ് പ്രതിഷേധിച്ചു. പരിക്കേറ്റ പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.