ബുദ്ധി പിൻബുദ്ധിയായി, മൊബൈൽ മോഷ്ടാവിനെ മൂന്നുമണിക്കൂറിനുളളിൽ പൊക്കി

Saturday 01 November 2025 3:51 PM IST

കഴക്കൂട്ടം: മോഷ്ടിച്ച ഫോൺ ഓഫാക്കാൻ മറന്നു. മൂന്ന് മണിക്കൂറിനുള്ളിൽ ഫോൺ മോഷ്ടാവിനെ പൊക്കി കഠിനംകുളം പൊലീസ്. വർക്കല റാത്തിക്കൽ സ്വദേശിയും കഠിനംകുളം പുതുക്കുറുച്ചി ഒറ്റപ്പന തെരുവിൽതൈവിളാകം വീട്ടിൽ താമസക്കാരനുമായ നസീഖാൻ (44) ആണ് കുടുങ്ങിയത്.

തമിഴ്നാട് സ്വദേശിയെ സ്‌നേഹം നടിച്ച് കൂട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച ശേഷം സ്വർണ്ണവും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത ശേഷം മുങ്ങുകയായിരുന്നു. ഫോൺ ഓഫാക്കിയിരുന്നില്ല.കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെ പെരുമാതുറയ്ക്ക് സമീപം ആളൊഴിഞ്ഞ കായൽ തീരത്തുവച്ചായിരുന്നു സംഭവം.

തിരുവനന്തപുരം തമ്പാനൂർ ഭാഗത്തുവച്ച് പരിചയത്തിലായ തമിഴ്നാട് മാർത്താണ്ഡം സ്വദേശി സോമനെ(55) യും കൂട്ടി പ്രതിയുടെ ബൈക്കിൽ പെരുമാതുറ ഭാഗത്ത് എത്തി. മർദ്ദനത്തിൽ അവശനായ സോമന്റെ കൈവശമുണ്ടായിരുന്ന 11 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങളും പണവും മൊബെൽ ഫോണും തട്ടിയെടുത്തശേഷം പ്രതി കടന്നുകളയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ കഠിനംകുളം പൊലീസ് എസ്.എച്ച്.ഒ. സജു അടങ്ങുന്ന സംഘത്തിന്റെ തെരച്ചിലിനൊടുവിൽ വെളുപ്പിന് രണ്ടുമണിയോടെ വർക്കല തീരദേശഭാഗത്തുനിന്ന് പ്രതിയെ പൊലീസ് പിടികൂടി.