വോട്ടർ തന്നെ സൂപ്പർ സ്റ്റാർ
പോളിംഗ് ബൂത്തിൽ വോട്ടു ചെയ്യാനെത്തുന്ന സമ്മതിദായകരെ മണിക്കൂറുകളോളം ക്യൂവിൽ നിറുത്തി വലയ്‌ക്കരുതെന്ന ഹൈക്കോടതി നിർദ്ദേശം ജനാധിപത്യത്തിലെ രാജാവ് ജനങ്ങൾ തന്നെയെന്ന കാഴ്ചപ്പാടിനു അടിവരയിടുന്നതാണ്. വലിയ ക്യൂ കണ്ട് വോട്ടു ചെയ്യേണ്ടെന്ന് വോട്ടർമാർ ചിന്തിക്കേണ്ട അവസ്ഥയുണ്ടായാൽ അത് ജനാധിപത്യത്തിന്റെ മരണമണിയായിരിക്കുമെന്ന ശ്രദ്ധേയമായ നിരീക്ഷണവും കോടതി നടത്തിയിട്ടുണ്ട്. ക്യൂവിൽ നിൽക്കുന്നവർക്ക് ഇരിപ്പിടങ്ങൾ ഒരുക്കണമെന്നും, പോളിംഗ് ബൂത്തുകൾ ഓഫീസുകളിലോ, സ്‌കൂളുകളിലോ ആയതിനാൽ അവിടത്തെ കസേരകളും ബെഞ്ചുകളും ഇതിനായി ഉപയോഗിക്കാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഉത്തരവിൽ പറയുന്നു.
പോളിംഗ് ബൂത്തിലെ തിരക്ക് വോട്ടർക്ക് വീട്ടിലിരുന്ന് അറിയാൻ കഴിയും വിധം മൊബൈൽ/ വെബ് ആപ്പ് പരിഗണിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ക്യൂ നീങ്ങുന്നതിലെ സമയവും കാത്തുനിൽക്കുന്നവരുടെ എണ്ണവും അറിയിക്കുന്നതായിരിക്കണം ആപ്പ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്നതിനാൽ ബൂത്തുകളുടെ എണ്ണം കൂട്ടണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ വോട്ടുചെയ്യാൻ എല്ലാവരും എത്തില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം അംഗീകരിച്ചതുമില്ല. മുഴുവൻ വോട്ടർമാരും എത്തുമെന്ന കണക്കുകൂട്ടലിൽ വേണം ഒരുക്കങ്ങൾ നടത്താനെന്നും കോടതി നിർദ്ദേശിച്ചു.
ഗ്രാമപഞ്ചായത്തുകളിൽ 1200 വോട്ടർമാർക്ക് ഒരു ബൂത്ത്, നഗരസഭയിൽ 1500 വോട്ടർമാർക്ക് ഒരു ബൂത്ത് എന്ന നിലയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിമിതപ്പെടുത്തിയത്. രാവിലെ ഏഴുമണിമുതൽ വൈകിട്ട് ആറു മണി വരെ പതിനൊന്നു മണിക്കൂറാണ് സമ്മതിദാനാവകാശം രേഖപ്പെടുത്താൻ സമയം ലഭിക്കുന്നത്. എന്നാൽ ത്രിതല പഞ്ചായത്തിൽ മൂന്നു വോട്ടുകൾ രേഖപ്പെടുത്തേണ്ട വോട്ടർക്ക് അതിന്റെ പ്രക്രിയ 30- 40 സെക്കൻഡിൽ എങ്ങനെ പൂർത്തിയാക്കാൻ കഴിയുമെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ ചിന്തിച്ചതായി തോന്നുന്നില്ല.
വോട്ടർമാർ വലയാതിരിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം.പൊതുവെ യുവതലമുറയിൽ വോട്ട് ചെയ്യാനുള്ള താത്പ്പര്യം കുറഞ്ഞുവരുന്നുവെന്ന വിലയിരുത്തലുണ്ട്. രാഷ്ട്രീയത്തോടുള്ള എതിർപ്പ് മാത്രമല്ല അതിനു കാരണം.രാഷ്ട്രീയ നേതാക്കൾ സംശുദ്ധമായ പ്രവർത്തനം കാഴ്ചവയ്ക്കണമെന്നും അഴിമതിക്ക് അതീതരായിരിക്കണമെന്നും അവർ ആഗ്രഹിക്കുന്നുണ്ട്. അതോടൊപ്പം വോട്ട് ചെയ്യാൻ പോകുന്നത് മെനക്കെട്ട പ്രക്രിയയാണെന്ന ചിന്താഗതി അവരിൽ ഉണ്ടാകാതിരിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേകം ശ്രദ്ധിക്കണം. ജനാധിപത്യ വ്യവസ്ഥയിൽ വോട്ടർമാരാണ് സൂപ്പർസ്റ്റാറെന്നു പറഞ്ഞ കോടതി, അവരെ ബഹുമാനിക്കാൻ കമ്മിഷൻ തയ്യാറാകണമെന്ന് നിർദ്ദേശിച്ചു.
ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യമാണ്. എന്നാൽ പലയിടങ്ങളിലും പ്രത്യേകിച്ച് ജനങ്ങൾ തിങ്ങിക്കൂടുന്ന പൊതുയിടങ്ങളിൽ അവർ അർഹിക്കുന്ന ആദരവോ, പരിഗണനയോ ലഭിക്കുന്നില്ലെന്ന തോന്നൽ ഇല്ലാതില്ല. അത് മാറ്റിയെടുക്കാൻ മുൻകൈയെടുക്കേണ്ടത് ഭരണാധികാരികൾ തന്നെയാണ്. വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചാൽ മാത്രമേ ഭരണസഭകൾ ഉണ്ടാവുകയുള്ളു. അതിനു തികച്ചും ആരോഗ്യകരമായ രീതിയിൽ, പരാതി രഹിതമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണം. ജനാധിപത്യത്തിന്റെ ഉത്സവമാണ് തിരഞ്ഞെടുപ്പുകൾ. അതൊരിക്കലും സംഘർഷഭൂമി ആവുകയുമരുത്. തോൽക്കുന്നവർ ഉണ്ടെങ്കിലേ ജയിക്കുന്നവരും ഉണ്ടാവുകയുള്ളുവെന്നും അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നുമുള്ള മഹാത്മാഗാന്ധിയുടെ ആശയം ഉയർത്തിക്കാട്ടിയാണ് ജസ്‌റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തന്നെ ഈ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ കൈക്കൊള്ളുകയാണ് വേണ്ടത്.