വിശാൽ - തമന്ന - സുന്ദർ സി ടീം വീണ്ടും

Sunday 02 November 2025 6:00 AM IST

വിശാലും തമന്ന ഭാട്ടിയയും സംവിധായകൻ സുന്ദർ സി യും വീണ്ടും ഒരുമിക്കുന്നു. കയാദു ലോഹർ ആണ് ചിത്രത്തിൽ മറ്റൊരു നായിക. ചിത്രത്തിന്റെ പ്രൊമോ ഷൂട്ട് കഴിഞ്ഞു. ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കും. കത്തി സണ്ടൈ എന്ന ചിത്രത്തിൽ ആണ് വിശാലും തമന്നയും ആദ്യമായി ഒരുമിച്ചത്. ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രം 2016-ൽ ആണ് തിയേറ്ററിൽ എത്തിയത്. സൂരജ് സംവിധാനം ചെയ്ത ചിത്രത്തിൽ ജഗപതി ബാബു, വടിവേലു, സൂരി, സമ്പത്ത് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

സുന്ദർ സി സംവിധാനം ചെയ്ത ആക്‌ഷൻ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒരുമിച്ച് അഭിനയിച്ചത്. മലയാളി താരം ഐശ്വര്യ ലക്ഷ്‌മിയും പ്രധാന വേഷത്തിൽ എത്തി. അതേസമയം വിശാൽ നായകനായ മഗുഡത്തിന്റെ ചിത്രീകരണം താത‌്‌കാലികമായി നിറുത്തിവച്ചു. സംവിധായകൻ രവി അരസും വിശാലും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്നാണ്. വിഷയത്തിൽ ചലച്ചിത്ര സംഘടനകൾ ഇടപെട്ടിട്ടുണ്ട്. സംവിധായകനായി വിശാലിന്റെ പേരിൽ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങുകയും ചെയ്തു. നടനും നിർമ്മാതാവുമായ ജീവയാണ് പോസ്റ്റർ പുറത്തിറക്കിയത്. ആക്‌ഷൻ ചിത്രമായ മകുടത്തിൽ ദുഷാര വിജയൻ, അഞ്ജലി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മൂന്നു ലുക്കിൽ ചിത്രത്തിൽ വിശാൽ എത്തുന്നുണ്ട്. മദഗജരാജ ആണ് അവസാനം റിലീസ് ചെയ്ത വിശാൽ ചിത്രം. 2013 പൊങ്കൽ റിലീസായി തിയേറ്ററിൽ എത്തേണ്ട മദഗജ രാജ പത്തു വർഷങ്ങൾക്കുശേഷം കഴിഞ്ഞ ജനുവരിയിൽ പൊങ്കൽ റിലീസായി എത്തി വമ്പൻ വിജയം നേടി. നാലുദിവസം കൊണ്ട് 24 കോടി ആണ് വാരിക്കൂട്ടിയത്. വിശാൽ, സന്താനം ടീമിന്റെ കോമഡി നമ്പരുകളാണ് സിനിമയുടെ ആകർഷണം. സുന്ദർ സി സംവിധാനം ചെയ്ത ചിത്രത്തിൽ അഞ്ജലിയും വരലക്ഷ്‌മി ശരത്‌കുമാറും ഗ്ലാമർ പ്രദർശനവുമായി എത്തി.