ഗണപതിയുടെയും സാഗർ സൂര്യയുടെയും കിളി പോയി; പ്രകമ്പനം ഫസ്റ്റ് ലുക്ക്

Sunday 02 November 2025 6:51 AM IST

കൗതുകമുണർത്തുന്ന ഭാവത്തിൽ ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയ താരം അമീൻ എന്നിവരുമായി പ്രകമ്പനം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . തമിഴ് സിനിമയിൽ പുത്തൻ ആശയങ്ങളും, വിസ്മയിപ്പിക്കുന്ന മേക്കിംഗിലൂടെയും ശ്രദ്ധേയനായ കാർത്തിക് സുബ്ബരാജാണ് ഫസ്റ്റ് ലുക്ക് പ്രകാശനം നിർവഹിച്ചത്. വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നഗരത്തിലെ ക്യാമ്പസിൽ പഠിക്കാനെത്തുന്ന മൂന്നു വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ജീവിതത്തിന്റെ രസക്കൂട്ടുകളാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ജോണി ആന്റണി, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരൻ, പി.പി. കുഞ്ഞികൃഷ്ണൻ , കലാഭവൻ നവാസ്, കുടശ്ശനാട് കനകം, ഗംഗാ മീര, സുബിൻ ടാർസൻ,സനീഷ് പല്ലി എന്നിവരാണ് മറ്റ് താരങ്ങൾ.തിരക്കഥ ശ്രീഹരി, ഛായാഗ്രഹണം - ആൽബി. സംഗീതം - ബിബിൻ അശോകൻ എഡിറ്റിംഗ് - സൂരജ് ഇ. എസ്. കലാസംവിധാനം - സുഭാഷ് കരുൺ.

നവരസ ഫിലിംസ്, ലക്ഷ്മി നാഥ് ക്രിയേഷൻസ് എന്നീ ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.