ടി എൻ പ്രതാപൻ ഒന്നും ചെയ്തില്ല, ആ കാര്യത്തിൽ മാന്യത കാണിച്ചത് സുരേഷ് ഗോപിയാണ് , വിമർശനം ആവർത്തിച്ച് എം കെ വർഗീസ്
തൃശൂർ: മുൻ എം.പി ടി.എൻ. പ്രതാപനെതിരെയുള്ള വിമർശനം ആവർത്തിച്ച് തൃശൂർ മേയർ എം.കെ. വർഗീസ്, ലാലൂർ ഐ.എം. വിജയൻ സ്പോർട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് മേയറുടെ വിമർശനം. കോർപറേഷന് 2020 - 25 കാലഘട്ടത്തിൽ ടി.എൻ.പ്രതാപൻ എം.പി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി എം.കെ.വർഗീസ് പറഞ്ഞു. മേയർ പറഞ്ഞത് സംഘപരിവാറിനെ സുഖിപ്പിക്കാനാണെന്ന ടി.എൻ.പ്രതാപന്റെ പ്രതികരണത്തോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
താൻ അഞ്ചു വർഷമായി മേയറാണ്. ഒരു പരിപാടിക്ക് മാത്രമാണ് എം.പി ഇതിനിടയിൽ വന്നത്. അന്ന് അമൃത് പദ്ധതി പ്രകാരം 500 കോടി കോർപറേഷന് ലഭിക്കാൻ ശ്രമിക്കുമെന്ന വാഗ്ദാനം മാത്രമാണ് ഉണ്ടായത്.
എന്നാൽ, ആ കാര്യത്തിൽ മാന്യത കാണിച്ചത് സുരേഷ്ഗോപിയാണ്. സുരേഷ് സഗോപി ഞാനുമായി ഡിസ്കഷൻ വച്ചു. ആവശ്യങ്ങൾ പറഞ്ഞപ്പോൾ പണം അനുവദിച്ചു. ആ പണം പൂർണമായും അതേ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തെന്നും മേയർ പറഞ്ഞു . രാജ്യസഭ എം.പിയായിരിക്കെ എതാനും പദ്ധതികൾ സമർപ്പിച്ചെങ്കിലും അതിന്റെ തുടർ നടപടികൾ ആയിട്ടില്ലെന്ന് മേയർ പറഞ്ഞു.
അതേസമയം ർ എം.കെ.വർഗീസിന്റെ പ്രസ്താവന പച്ചനുണയെന്ന് ടി.എൻ.പ്രതാപൻ പറഞ്ഞു. 'എൽ.ഡി.എഫ് മേയറുടെ സംഘപരിവാർ പ്രശംസ കേട്ടുവല്ലോ...' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതാപന്റെ വിമർശനം. 'ഈ കോർപറേഷൻ അങ്ങ് തരണം' എന്ന സുരേഷ്ഗോപിയുടെ പ്രചാരണത്തിന് സഹായം നൽകാനാണിത്. 2019 മുതൽ 2025 വരെ 3.58 ലക്ഷം രൂപയുടെ വികസനം കോർപറേഷൻ പരിധിയിൽ നടത്തിയെന്നാണ് പ്രതാപന്റെ അവകാശവാദം. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സി.പി.എം സംഭാവന ചെയ്യുന്ന സ്ഥാനാർത്ഥിയാണ് മേയർ. പിണറായി - രാജീവ് ചന്ദ്രശേഖർ ഡീലിന്റെ ഭാഗമാണിതെന്നും പ്രതാപൻ ആരോപിച്ചു.