ആന്ധ്ര ക്ഷേത്രത്തിലെ തിക്കും തിരക്കും; മരണം 10 ആയി, നിരവധി പേർക്ക് പരിക്ക്
അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ കാശിബുഗ്ഗയിലുള്ള ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പത്തായി. മരിച്ചവരിൽ ഒമ്പത് സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയുമുണ്ട്. 20 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്. സംഭവത്തിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ക്ഷേത്ര ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെ (80) കേസെടുത്തു.
രാവിലെ 11.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. കാർത്തിക മാസത്തിലെ ഏകാദശി ദിനത്തോടനുബന്ധിച്ച് വൻതിരക്കായിരുന്നു ക്ഷേത്രത്തിൽ. 25000ത്തോളം ഭക്തരാണെത്തിയതെന്ന് പൊലീസ് പറയുന്നു. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരില്ലാതിരുന്നതും പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരുകവാടം മാത്രം ഉണ്ടായിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ മാത്രമാണ് സജ്ജമാക്കിയിരുന്നത്. ഈ ബാരിക്കേഡുകളിലേക്ക് ആളുകൾ വീണതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
എന്നാൽ, ക്ഷേത്ര അധികൃതർ പ്രാദേശിക ഭരണകൂടത്തെ അറിയിക്കാതെ ഇരുന്നതാണ് ദുരന്തത്തിന്റെ വ്യപ്തി കൂടാൻ കാരണമായതെന്ന് ജനം ആരോപിച്ചു.
ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ അനുശോചിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
VIDEO | Andhra Pradesh: Stampede reported at Venkateswara Temple in Kashibugga in Srikakulam district; several devotees injured, rushed to hospital. More details are awaited. (Source: Third Party)#AndhraPradesh pic.twitter.com/dOJxEI4JHC
— Press Trust of India (@PTI_News) November 1, 2025