കണ്ണൂരിൽ മുൻ മുഖ്യമന്ത്രി ആർ.ശങ്കറുടെ പ്രതിമ

Saturday 01 November 2025 10:11 PM IST

കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും സാമൂഹ്യപരിഷ്കർത്താവും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ സമുന്നതനേതാവുമായിരുന്ന ആർ.ശങ്കറിന്റെ പ്രതിമ കണ്ണൂർ നഗരത്തിൽ ഉടൻ സ്ഥാപിക്കും. 1960ൽ മത്സരിച്ചുവിജയിച്ച മണ്ഡലമെന്ന നിലയിൽ കണ്ണൂരിൽ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിന്റെ ഭാഗമായാണ് അർദ്ധകായപ്രതിമ സ്ഥാപിക്കുന്നത്.

പ്രശസ്ത ശില്പിയും ചിത്രകാരനുമായ കെ.കെ.ആർ. വെങ്ങര ഫൈബർഗ്ലാസിൽ തയ്യാറാക്കുന്ന അഞ്ചടി ഉയരമുള്ള ഈ ശില്പം ശ്രീനാരായണ ട്രസ്റ്റ് കണ്ണൂർ ആർ.ഡി.സിയും എസ്.എൻ.ഡി.പി യോഗം കണ്ണൂർ യൂണിയനുമാണ് സ്‌പോൺസർ ചെയ്യുന്നത്. കണ്ണൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിയമസഭയിലാണ് ആർ.ശങ്കർ മുഖ്യമന്ത്രി പദവി അലങ്കരിച്ചത്. കേവലം രാഷ്ട്രീയ നേതൃത്വത്തിൽ മാത്രം ഒതുങ്ങാതെ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം ശ്രീനാരായണ ട്രസ്റ്റിന്റെ സ്ഥാപകരിൽ പ്രധാനിയായിരുന്നു. ഈ ട്രസ്റ്റിന്റെ കീഴിൽ കേരളത്തിലാകെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി. കണ്ണൂരിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ എസ്.എൻ. കോളേജ് സ്ഥാപിച്ചതും ഈ കാലഘട്ടത്തിലാണ്.

തന്റെ കലാജീവിതത്തിന്റെ അമ്പതാം വർഷത്തിൽ ഇത്തരമൊരു സ്മാരകശില്പം നിർമ്മിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കെ.കെ.ആർ.വെങ്ങര പറഞ്ഞു. കാൽടെക്സിലെ സമാധാന പ്രാവിന്റെ ശില്പവും പ്രഭാത് ജംഗ്ഷനിലെ നമസ്‌തേ ശില്പവും നഗരത്തിൽ അദ്ദേഹം നേരത്തെ ഒരുക്കിയ പ്രമുഖ കലാസൃഷ്ടികളാണ്.