ബീഹാറിൽ വീണ്ടും എൻഡിഎ അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവേ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണ തേജസ്വി യാദവിന്
പാട്ന: ബീഹാറിൽ 140 സീറ്റുകൾ വരെ നേടി എൻ,ഡി.എ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചിച്ച് അഭിപ്രായ സർവേ. ടൈെസ് നൗ- ജെ.വി.സി സർവേയിലാണ് എൻ.ഡി.എ സഖ്യത്തിന് മുൻതൂക്കം പ്രവചിച്ചിരിക്കുന്നത്. എൻ.ഡി.എയ്ക്ക് 120 മുതൽ 140 വരെ സീറ്റ് ലഭിക്കാമെന്നാണ് പ്രവചനം. മഹാസഖ്യത്തിന് 93-120 സീറ്റുകൾ ലഭിക്കുമെന്ന് സർവേയിൽ പറയുന്നു. ബി.ജെ.പിയായിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷി. 70-81 സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് പ്രവചനം. എൻ.ഡി.എയിലെ രണ്ടാം കക്ഷിയായ ജെ.ഡി.യുവിന് 42-48 സീറ്റുവരെ ലഭിക്കാം, പ്രതിപക്ഷ സഖ്യത്തിൽ ആർ.ജെ.ഡിക്ക് 69-78 സീറ്റുകൾ വരെ ലഭിക്കുമെന്ന് സർവേയിൽ പറയുന്നു.
എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പേർ പിന്തുണയ്ക്കുന്നത് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെയാണ്. ഏറ്റവും ജനപ്രീതിയുള്ള നേതാവ് തേജസ്വിയാണെന്ന് 33 ശതമാനം പേരും പറയുന്നു. 29 ശതമാനം പേരാണ് മുഖ്യമന്ത്രി നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്നത്.
243 സീറ്റുകളിലേക്കുള്ള ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ ആറ്, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ബീഹാറിൽ എൻ.ഡി.എ 160 സീറ്റുകളിൽ വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് അവകാശപ്പെട്ടിരുന്നു. മഹാസഖ്യം അധികാരത്തിൽ വന്നാൽ ബീഹാറിൽ ജംഗിൾരാജ് പുനഃസ്ഥാപിക്കപ്പെടുമെന്നും എൻ.ഡി. ടിവിയുടെ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം ആരോപിച്ചിരുന്നു.