വാട്സാപ്പിലൂടെ നോട്ടീസ് കൈമാറരുത്: സുപ്രീംകോടതി

Sunday 02 November 2025 12:50 AM IST

ന്യൂഡൽഹി: വാട്സാപ്പ്, എക്‌സ് തുടങ്ങിയ സാമൂഹിക മാദ്ധ്യമ പ്ലാറ്റ്ഫോമുകൾ മുഖേന നോട്ടീസ് കൈമാറരുതെന്ന് സുപ്രീംകോടതി നിർദ്ദേശം. ഒഡീഷയിലെ പീഡനക്കേസിൽ പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് നിലപാട്. ഇരയ്ക്ക് നോട്ടീസ് അയയ്ക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. കഴി‌ഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ നോട്ടീസ് നൽകിയോയെന്ന് കോടതി ആരാഞ്ഞു. ഇര എവിടെയെന്ന് അറിയില്ലെന്നും വാട്സാപ്പ് മുഖേന സമൻസ് കൈമാറിയെന്നും പ്രതിയുടെ അഭിഭാഷക അറിയിച്ചു. ഈ നിലപാട് കോടതി അംഗീകരിച്ചില്ല. രണ്ടാഴ്ചയ്‌ക്കകം ഇരയെ കണ്ടെത്തി നേരിട്ട് നോട്ടീസ് കൈമാറാനാണ് പൊലീസിന് നിർദ്ദേശം നൽകിയത്.