നിതീഷ് വിരുദ്ധനായ ആനപ്രേമി

Sunday 02 November 2025 1:07 AM IST

ലോക് ജൻശക്തി പാർട്ടി നേതാവും മിഥിലാഞ്ചൽ മേഖലയിലെ ഹോട്ടൽ വ്യവസായിയുമൊക്കെയാണെങ്കിലും ആനപ്രേമി എന്നറിയപ്പെടാനാണ് 65കാരനായ മഹേന്ദ്ര പ്രധാന് താത്‌പര്യം. ഗജേന്ദ്രപാലസ് എന്ന അദ്ദേഹത്തിന്റെ കല്യാണ മണ്ഡപത്തിന്റെ പേരിലും ചുവരിലും കവാടങ്ങളിലും സർവം ആനമയം. പ്രധാൻ ഗ്രൂപ്പിന്റെ ഹോട്ടലുകളിലും ആന സ്വാധീനം കാണാം.

ബീഹാറിലെ സോൻപൂർ മേളയിൽ പതിവായി ആനകളെ കൊണ്ടുവന്നിരുന്ന ആളാണ്. സ്വന്തമായി പത്ത് ആനകളുണ്ടായിരുന്നു. മേളയിൽ ആന വില്പന നിരോധിച്ചപ്പോൾ പഴയ ആനക്കൊട്ടി കല്യാണ മണ്ഡപമാക്കി. അന്തരിച്ച പ്രിയപ്പെട്ട റാണി എന്ന ആനയുടെ കൂറ്റൻ പ്രതിമയും ഇവിടെയുണ്ട്. ഗുരുവായൂരപ്പന്റെ ആനകളെ കാണാൻ മമ്മിയൂർ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2020ൽ സമസ്‌തിപൂരിലെ എൽ.ജെ.പി സ്ഥാനാർത്ഥിയായിരുന്നു. ജെ.ഡി.യുവിന്റെ അശ്വമേധ് ആർ.ജെ.ഡിയുടെ അക്തറുൾ ഇസ്ളാമിനോട് 4714 വോട്ടിന് തോൽക്കാൻ അന്ന് ഇദ്ദേഹം പിടിച്ച 12,074 വോട്ടുകളും കാരണമായി. ജെ.ഡി.യുവിനൊപ്പം ഇക്കുറി എൻ.ഡി.എയിലായതിനാൽ ബി.ജെ.പിയുടെ രേണു ഖുശ്‌വാഹയ്‌ക്കായി പ്രവർത്തിക്കുന്നു. ചിരാഗ് പാസ്വാന്റെ വിശ്വസ്‌തനായതിനാൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വലിയ താത്‌പര്യമില്ല.

?എൽ.ജെ.പിയുടെയും എൻ.ഡി.എയുടെയും സാദ്ധ്യതകൾ

ഇത്തവണ 29സീറ്റ് ലഭിച്ചത് ശരിതന്നെ. പക്ഷേ എല്ലാം വിജയ സാദ്ധ്യതയുള്ളവയല്ല. ഞങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ സീറ്റുകൾ ലഭിക്കാതിരിക്കാൻ നിതീഷ് ഇടങ്കോലിട്ടു. സമസ്‌തിപൂർ ലോക്‌സഭാ മണ്ഡലത്തിൽ എൽ.ജെ.പിയാണ് ജയിച്ചത്. എന്നാൽ അസംബ്ളി സീറ്റ് നിഷേധിക്കപ്പെട്ടു. എങ്കിലും എൻ.ഡി.എ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കും.

?എൻ.ഡി.എയുടെ ജയസാദ്ധ്യത

എൻ.ഡി.എയ്‌ക്കാണ് മുൻതൂക്കം. പ്രശാശ് കിഷോറിന്റെ ജൻസുരാജ് ഭിന്നിപ്പിക്കുന്ന വോട്ടുകൾ നിർണായകം. ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥിയെ നോക്കി വോട്ട് ഭിന്നിപ്പിക്കും. അത് എൻ.ഡി.എയുടേതാവാം,അല്ലെങ്കിൽ മഹാസഖ്യത്തിന്റേത്. സമസ്‌തിപൂരിൽ ബി.ജെ.പിയുടേതും പ്രശാന്തിന്റെയും സ്ഥാനാർത്ഥികൾ ഖുശ്‌വാഹ സമുദായക്കാരാണ്.

?ദുലാർചന്ദ് യാദവ് വെടിയേറ്റ് മരിച്ചത് മഹാസഖ്യം ആയുധമാക്കുന്നു

ലാലു പ്രസാദ് യാദവിന്റെ പഴയ അനുയായിയായ ദുലാർ ചന്ദ് ഗുണ്ടയാണ്. നിരവധി കൊലപാതക കേസുകളിൽ പ്രതിയായ അയാളുടെ കൈയിലിരിപ്പിന്റെ ഫലമാണിത്.

കാട്ടുഭരണം ഇപ്പോഴെന്നാണ് വിമർശനം

ഇപ്പോൾ ക്രമസമാധാനം ഏറെ മെച്ചപ്പെട്ടു. നിതീഷും ലാലുവും ഇടയ്‌ക്ക് ഒന്നിച്ചപ്പോൾ വീണ്ടും വഷളായിരുന്നെങ്കിലും എൻ.ഡി.എയ്‌ക്ക് കീഴിൽ ജനം സുരക്ഷിതരാണ്.