ലൂവ്ര് കവർച്ച: യുവതിക്കെതിരെ കുറ്റംചുമത്തി

Sunday 02 November 2025 7:42 AM IST

പാരീസ്: പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് 38 വയസുള്ള യുവതിക്കെതിരെ കേസെടുത്ത് ഫ്രഞ്ച് പൊലീസ്. ക്രിമിനൽ ഗൂഢാലോചന, സംഘടിത മോഷണത്തിന് കൂട്ടുനിന്നു എന്നീ കുറ്റങ്ങളാണ് പാരീസ് സ്വദേശിയായ യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ യുവതിയെ കസ്റ്റഡിയിൽവിട്ടു. ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല. ലൂവ്രിൽ കവർച്ച നടത്തിയ നാല് പേരിൽ ഒരാൾ ഈ യുവതിയായിരുന്നോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ബുധനാഴ്ചയാണ് യുവതി അടക്കം അഞ്ച് പേർ അറസ്റ്റിലായത്. ഇവരിൽ ഒരാളെ വിട്ടയച്ചു. ഇതിന് മുന്നേ അറസ്റ്റിലായ രണ്ട് പേർ കവർച്ചയിലെ തങ്ങളുടെ പങ്ക് ഭാഗികമായി സമ്മതിച്ചിരുന്നു. ഒക്ടോബർ 19ന് പട്ടാപ്പകലാണ് ലൂവ്ര് മ്യൂസിയത്തിൽ നിന്ന് അമൂല്യ ആഭരണങ്ങളുമായി മുഖംമൂടി ധരിച്ച നാല് മോഷ്ടാക്കൾ കടന്നത്. മോഷ്ടിക്കപ്പെട്ട 8.8 കോടി യൂറോയുടെ എട്ട് രാജകീയ ആഭരണങ്ങൾ കണ്ടെത്താനായിട്ടില്ല.