ബ​ലൂ​ചി​സ്ഥാ​നി​ൽ​ ഏറ്റുമുട്ടൽ: 9​ പാ​ക് സൈ​നി​ക​ർ​ ​കൊ​ല്ല​പ്പെ​ട്ടു

Sunday 02 November 2025 7:42 AM IST

കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കലാത്ത് ജില്ലയിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) നടത്തിയ വെടിവയ്പിൽ രണ്ട് സ്‌പെഷ്യൽ കമാൻഡോമാർ അടക്കം 9 സൈനികർ കൊല്ലപ്പെട്ടു. രണ്ട് സൈനിക വാഹനങ്ങൾ പൂർണമായും നശിച്ചെന്നാണ് വിവരം. ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് മോചിപ്പിക്കാൻ പോരാടുന്ന വിമത ഗ്രൂപ്പുകളിൽ പ്രബലരാണ് ബി.എൽ.എ.

ബലൂചിസ്ഥാനിൽ ബി.എൽ.എ അടക്കം വിമത ഗ്രൂപ്പുകളും പാക് സൈന്യവും തമ്മിലെ ഏറ്റുമുട്ടൽ രൂക്ഷമാണ്. പ്രവിശ്യയിൽ വിമതരെ ലക്ഷ്യമാക്കുന്നതിന്റെ പേരിൽ സാധാരണക്കാരെ പാക് സൈന്യം വേട്ടയാടുന്നതായി ആരോപണവും ശക്തമാണ്.

ബുധനാഴ്ച തലസ്ഥാനമായ ക്വെറ്റയ്ക്ക് സമീപം ചിൽട്ടൺ പർവ്വത നിരകളിലുണ്ടായ പാക് സൈന്യത്തിന്റെ ഡ്രോൺ ആക്രമണത്തിൽ 9 സാധാരണക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഹസർഗഞ്ചി -ചിൽട്ടൺ നാഷണൽ പാർക്കിൽ സവാരിക്കെത്തിയവരെയാണ് സൈന്യം ആക്രമിച്ചത്. ഒന്നിലേറെ സ്ഫോടനങ്ങളുണ്ടായെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി.

പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ അധികൃതർ മേഖലയിലെ മൊബൈൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. ആക്രമണത്തിൽ 14 ഭീകരരെ വധിച്ചെന്ന് പാക് സൈന്യം അവകാശപ്പെട്ടു. സൈന്യം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും കാട്ടി അവകാശ സംഘടനകൾ രംഗത്തെത്തി.