'കുംഭമേളയെ അർത്ഥശൂന്യമെന്നു വിളിച്ചു, ഇപ്പോൾ ഹാലോവീൻ ആഘോഷിക്കുന്നു'; ലാലു പ്രസാദ് യാദവിനെതിരെ വിമർശനം

Sunday 02 November 2025 10:57 AM IST

പാട്‌ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. അദ്ദേഹം ഹാലോവീൻ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനുപിന്നാലെയാണ് വിമർശനം. മഹാകുംഭമേളയെ അർത്ഥരഹിതമെന്ന് ലാലു മുൻപ് വിളിച്ചത് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ ആക്രമണം. ബിജെപി കിസാന്‍ മോര്‍ച്ച എക്സ് പേജിലൂടെയായിരുന്നു വിമർശനം.

ബീഹാറിലെ ജനങ്ങളേ, മറക്കരുത്. വിശ്വാസത്തിന്റെയും ആത്മീയതയുടെയും മഹോത്സവമായ മഹാകുംഭമേളയെ അർത്ഥരഹിതമെന്ന് വിളിച്ച അതേ ലാലു പ്രസാദ് യാദവ് ഇപ്പോൾ ഹാലോവീൻ ആഘോഷിക്കുകയാണ്. വിശ്വാസത്തെ ആക്രമിക്കുന്നവർക്ക് ബീഹാറിലെ ജനങ്ങളിൽ നിന്ന് വോട്ട് ലഭിക്കില്ലെന്നും കുറിപ്പിൽ പറയുന്നു.

മകളും ആർജെഡി നേതാവുമായ രോഹിണി ആചാര്യയാണ് ലാലു പ്രസാദ് യാദവിന്റെ ഹാലോവീന്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഒക്‌ടോബർ 31നായിരുന്നു ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തത്. ഹാലോവീൻ ആശംസകൾ നേരുന്ന കുറിപ്പും പേജുകളിലുണ്ടായിരുന്നു. വീഡിയോയിൽ ലാലു പ്രസാദ് യാദവ് തന്റെ കൊച്ചുമക്കളോടൊപ്പം ആഘോഷത്തിൽ പങ്കെടുക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്.

ഫെബ്രുവരിയിൽ പ്രയാഗ്‌രാജിലെ കുംഭമേളയ്ക്കിടയിൽ ഡൽഹി റെയിൽവേ സ്​റ്റേഷനിൽ തിക്കിലുതിരക്കിലുംപെട്ട് 18 പേർ മരിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കവേയാണ് ലാലു പ്രസാദ് യാദവ് വിവാദ പരാമർശം നടത്തിയത്. കുംഭമേളയ്ക്ക് എന്തെങ്കിലും അർത്ഥമുണ്ടോ? വെറും അർത്ഥശുന്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിനെ ബിജെപിയും മതസംഘടനകളും രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ലാലുവിന്റെ പരാമർശം ആർജെഡിയുടെ ഹിന്ദുമതത്തോടുളള മനോഭാവത്തെ തുറന്നുകാട്ടുന്നതാണെന്ന് ബീഹാറിലെ ബിജെപി വക്താവായ മനോജ് ശർമ പറഞ്ഞിരുന്നു.