സോഫയിലിരുന്ന്  ആഹാരം  ഓർഡർ ചെയ്യും,  മീറ്റിംഗിൽ  പങ്കെടുക്കും; ഇത്തരക്കാരെ കാത്തിരിക്കുന്നത് വലിയ പ്രശ്നങ്ങൾ

Sunday 02 November 2025 1:17 PM IST

ഇന്ന് മനുഷ്യർക്ക് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും വിരൽത്തുമ്പിൽ തന്നെ ലഭ്യമാണ്. എന്നാൽ ഈ സൗകര്യങ്ങളെല്ലാം ആളുകളെ കുഴിമടിയന്മാരാക്കുമെന്നാണ് പുതിയ പഠനത്തിന്റെ കണ്ടെത്തൽ. ആഹാരം ഓർഡർ ചെയ്യാനും, മീറ്റിംഗുകളിൽ പങ്കെടുക്കാനും, സുഹ‌ൃത്തുക്കളുമായി ബന്ധപ്പെടാനുമുള്ള സൗകര്യങ്ങൾ ഇരുന്നിടത്ത് തന്നെ വർദ്ധിച്ചതോടെ ഒന്നും ചെയ്യാതെ മടിപിടിച്ചിരിക്കുന്ന നിഷ്‌ക്രി‌യരായ ഒരു സമൂഹം (ഇനാക്ടീവ് എപിഡമിക്) വളർന്നു കൊണ്ടിരിക്കുകയാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

ഇത് എത്രത്തോളം അപകടകരമാണെന്ന് ബോധവത്കരിക്കുന്നതിനായി വോക്കിംഗ് ആപ്പായ വീവേ‌ർഡിലെ ഒരു സംഘം സാം എന്ന പേരിൽ ഒരു വിചിത്രരൂപത്തെ അവതരിപ്പിച്ചു.2050ഓടെ ശരാശരി ഒരു മനുഷ്യൻ എങ്ങനെയായി തീരുമെന്ന് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ തയാറാക്കിയ മോഡലാണ് സാം. സാം എന്ന മോഡലിന്റെ പ്രത്യേകതകൾ ശ്രദ്ധിച്ചാൽ ആരും ഒന്ന് അമ്പരന്ന് പോകും. കുഴിഞ്ഞ കണ്ണുകൾ, മങ്ങിയ നിറം, വീർത്ത കാലുകൾ, എത് സമയവും സ്മാർട്ട് ഫോണിൽ കുനിഞ്ഞിരുന്നത് മൂലമുണ്ടായ ടെക്ക് നെക്ക് അഥവാ കൂനിപിടിച്ചുള്ള ഇരുത്തം. ഇത് കാണുമ്പോൾ നമ്മളടക്കമുള്ള മനുഷ്യരുടെ ജീവിതശൈലി കൊണ്ട് ഉണ്ടാകാവുന്ന ഭീകരമായ ഭാവിയാണ് കാണാൻ കഴിയുന്നത്.

അലസമായ ജീവിതശൈലിയിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയാൻ മെഡിക്കൽ ഗവേഷണങ്ങളുടെ പിൻബലത്തിലാണ് സാം എന്ന മോഡൽ സൃഷ്ടിച്ചിരിക്കുന്നത്. ശരീരം അനങ്ങി തുടരെ തുടരെ കാര്യങ്ങൾ ചെയാനുള്ള മടി, അമിതമായ സ്ക്രീൻ ഉപയോഗം, സൗകര്യങ്ങളെ ആശ്രയിച്ച് മാത്രം ഉണ്ടായ ശീലങ്ങൾ തുടങ്ങിയവ ശരീരം ക്ഷയിക്കുന്നതിന് കാരണമാകുന്ന ഒട്ടേറെ മാറ്റങ്ങൾക്ക് ഇടയാക്കുന്നു.

വ്യായാമം ഒന്നും ചെയ്യാതെ നിരന്തരം ഫാസ്റ്റ് ഫുഡ് മാത്രം കഴിച്ച് മുന്നോട്ട് നീങ്ങിയാൽ ഇത് കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞു കൂടി പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. മണിക്കൂറുകളോളം ഇരിക്കുകയും, കൂടുതൽ സമയം തലകുനിച്ച് സ്ക്രീനിൽ നോക്കിയിരിക്കുന്നതൊക്കെ ടെക്ക് നെക്കിന് കാരണമാകുന്നു. ഇത് കഴുത്തിലും തോളുകളിലും സ്ഥിരമായ വേദനയുണ്ടാക്കും. മാത്രമല്ല നമ്മുടെ ശരീരത്തിന് ആവശ്യമായ ചലനമില്ലെങ്കിൽ സന്ധികൾ വഴക്കമില്ലാത്തതും ദൃഢമാകുകയും ചെയ്യും. ഇത് സന്ധി വേദനയ്ക്ക് വഴിവയ്ക്കും. കൂടുതൽ നേരം ഇരിക്കുന്നത് ശരീരത്തിലെ രക്തയോട്ടം കുറയ്ക്കുകയുെ ഇതിനെ തുടർന്ന് നമ്മുടെ പാദങ്ങളിൽ കണങ്കാലുകളിലും നീരുണ്ടാകുകയും വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

സ്‌ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചവും (ബ്ലൂലൈറ്റ്), മടി പിടിച്ചിരിക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന സമ്മർദ്ദം, പോഷകാഹാരക്കുറവ് എന്നിവ മുടി കൊഴിച്ചിലിനും ചർമ്മത്തിലെ ചുളിവുകൾക്കും കാരണമാകും. അമിതമായ സ്‌ക്രീൻ സമയം കാരണം കണ്ണ് വരളുകയും കാഴ്ച മങ്ങി തലവേദന ഉണ്ടാക്കുന്നതിനും ഇടയാക്കും. മാത്രമല്ല രക്തയോട്ടം കുറഞ്ഞാൽ ചർമ്മത്തിന് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കാതെയാകുകയും എക്സിമ, കണ്ണിനു ചുറ്റുമുള്ള കറുപ്പ്, മങ്ങിയ ചർമ്മം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.