കരൂർ ദുരന്തത്തിന് പിന്നാലെ വിജയ്‌യുടെ ടിവികെ വീണ്ടും വിവാദത്തിൽ; 40 പ്രവർത്തകർക്കെതിരെ കേസ്

Sunday 02 November 2025 5:46 PM IST

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ നടൻ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി വീണ്ടും വിവാദത്തിൽ. മുൻകൂർ അനുമതിയില്ലാതെ പുതുക്കോട്ടയിൽ സ്‌കൂട്ടർ റാലി നടത്തിയതിന് ടിവികെയുടെ 40 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വഴിയോര കച്ചവടക്കാർക്ക് കുടകൾ വിതരണം ചെയ്യുന്ന പരിപാടിക്ക് മുന്നോടിയായാണ് ടിവികെ റാലി സംഘടിപ്പിച്ചത്.

അനുമതിയില്ലാതെ സംഘം ചേരുക, ഗതാഗത തടസമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. ടിവികെ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.

കരൂർ ദുരന്തത്തിൽ കനത്ത വിമർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് വിജയ്‌യുടെ ടിവികെ പാർട്ടി പുതിയ കേസിൽ പെട്ടിരിക്കുന്നത്.സെപ്തംബർ 27നായിരുന്നു 41 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തമുണ്ടായത്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് എല്ലാ മാസവും 5000 രൂപവീതം നൽകുമെന്ന് ടിവികെ പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിന് മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തും. ഇരകളുടെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുമെന്നും ടിവികെ അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അക്കൗണ്ടിൽ നൽകുകയും ചെയ്തു.

കഴിഞ്ഞദിവസം മഹാബലിപുരം പൂഞ്ചേരിയിലെ ഹോട്ടലിൽ വച്ച് വിജയ് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ഉറ്റവരെ കണ്ടിരുന്നു. അതേസമയം, ദുരന്തബാധിതരെ ഹോട്ടലിൽ എത്തിച്ച് കണ്ടതിൽ വിജയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ കടുത്ത് അതൃപ്തി ഉയർന്നു. ദുരന്തബാധിതരെ നേരിൽ കാണാതെ വിളിച്ചുവരുത്തി സഹായം വാഗ്ദാനം ചെയ്യുന്നത് യഥാർത്ഥ നേതാവിന് ചേർന്ന പ്രവർത്തിയല്ലെന്നായിരുന്നു ആക്ഷേപം ഉയർന്നത്.