'ഇന്ത്യ നിർമിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹം'; സിഎംഎസ് 03ന്റെ വിക്ഷേപണം വിജയം

Sunday 02 November 2025 6:32 PM IST

ശ്രീഹരിക്കോട്ട: ഇന്ത്യ നിർമിച്ച ഭാരമേറിയ ഉപഗ്രഹം സിഎംഎസ് 03 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വെെകിട്ട് 5.26ഓടെയാണ് നാല് ടൺ ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ചത്. LMV 3 M 5 റോക്കറ്റിന്റെ അഞ്ചാമത് ദൗത്യമാണിത്. എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്.

ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റാണ് എൽ.വി.എം.3. ഇതാദ്യമായാണ് ഇത്രയേറെ ഭാരമുള്ള ഉപഗ്രഹം ഇന്ത്യയിൽ നിന്ന് ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്നത്. വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കാതെ പ്രതിരോധ വാർത്താവിനിമയത്തിന് ഇന്ത്യയുടെ സ്വന്തം സംവിധാനം ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. അതിനാൽ ദേശസുരക്ഷയിൽ അതീവ നിർണായകമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡവും അതിന് ചുറ്റുമുള്ള സമുദ്രഭാഗങ്ങളും നിരീക്ഷണ പരിധിയിൽ വരും. ഏഴുവർഷമാണ് കാലാവധി. സിവിൽ സേവന മേഖലയിൽ

ആദ്യ സൈനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്–7ന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് 03 (സി.എം.എസ്.03) നിർമ്മിച്ചത്. നാവികസേനയുടെ സേവനത്തിനാണ് സി.എം.എസ്.03 പ്രധാനമായും ഉപയോഗിക്കുക. ജി.സാറ്റ് 7ൽ ലഭ്യമായതിനേക്കാൾ അത്യാധുനിക സംവിധാനങ്ങൾ ഇതിലുണ്ട്. അതീവശേഷിയുള്ള ഡാറ്റാ കൈമാറ്റം സാദ്ധ്യമാക്കുന്നതാണ് യു.എച്ച്.എഫ്, എസ്.സി.കു,ബാൻഡ് ട്രാൻസ്പോണ്ടറുകൾ, ശബ്ദത്തിനും ഡാറ്റായ്ക്കും പുറമെ വീഡിയോയും നിർദ്ദിഷ്ട കേന്ദ്രങ്ങളിലേക്ക് മാത്രമായി കൈമാറാൻ ഉപഗ്രഹത്തിനാകും. ഈ വർഷം നടത്തിയ എൻ.വി.എസ്–2, ഇ.ഒ.എസ്–9 വിക്ഷേപണങ്ങൾക്കുണ്ടായ അപ്രതീക്ഷിത പരാജയങ്ങൾ കണക്കിലെടുത്ത് വൻ മുന്നൊരുക്കങ്ങളാണ് ശ്രീഹരിക്കോട്ടയിൽ നടത്തിയത്.