പാമ്പ് വീട് തേടിയെത്തും; ഇവ ഉടൻ മാറ്റിയില്ലെങ്കിൽ അപകടം ഉറപ്പ്
മഴക്കാലമായലും വേനൽക്കാലമായാലും ആളുകളെ പേടിപ്പെടുത്തുന്ന ഒന്നാണ് പാമ്പ്. വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി ഇനത്തിൽപ്പെട്ട പാമ്പുകൾ ഇന്ന് കേരളത്തിലുണ്ട്. ഇവയെ കണ്ടാൽ ഓടി രക്ഷപ്പെടാറാണ് പതിവ്. എന്നാൽ നാം ഏറ്രവും സുരക്ഷിതമെന്ന് കരുതുന്ന വീട്ടിൽ വരെ ഇവ എത്തുന്നു. നമ്മൾ അറിയാതെ ചെയ്യുന്ന ചില തെറ്റുകളാണ് അതിന് ഒരു കാരണം. പാമ്പ് വീട്ടിൽ വരാതിരിക്കാൻ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
ഭക്ഷണം, ആവാസ കേന്ദ്രം എന്നിവ തേടിയാണ് പലപ്പോഴും പാമ്പ് വീടുകളുടെ പരിസരത്ത് എത്തുത്തുന്നത്. അതിനാൽ വീടിന്റെ പരിസരത്ത് വയ്ക്കുന്ന പൂക്കളോ വിറകോ അവ ആവാസകേന്ദ്രങ്ങളാക്കാൻ സാദ്ധ്യത വളരെ കൂടുതലാണ്. വീടിന്റെ പിൻവശത്ത് വിറക്, പഴയ തടികൾ എന്നിവ കൂട്ടിയിട്ടാൽ അതിനിടയിൽ വസിക്കാൻ പാമ്പുകൾ ഇഷ്ടപ്പെടുന്നു. ഇത്തരത്തിൽ വിറകിനിടെ ഒളിക്കാൻ അവയ്ക്ക് വളരെ എളുപ്പം സാധിക്കും. അങ്ങനെയുണ്ടെങ്കിൽ അവ ഉടനെ മാറ്രുന്നതാണ് നല്ലത്.
പൂന്തോട്ടത്തിൽ ഇലകളും പൂക്കളും കൂടിക്കിടക്കുന്നതും ദോഷമാണ്. ചൂടുള്ളതും ഈർപ്പമുള്ളതും ഇരുണ്ടതുമായ ഇത്തരം സ്ഥലങ്ങളാണ് പാമ്പുകൾക്ക് ഇഷ്ടം. കല്ലുകൾ കൂട്ടിയിട്ട സ്ഥലം, വീട്ടിൽ അലങ്കാരത്തിന് വയ്ക്കുന്ന കുളങ്ങൾ എന്നിവയിലും പാമ്പുകൾ ഒളിഞ്ഞിരിക്കാൻ സാദ്ധ്യത കൂടുതലാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വിള്ളലുകൾ അടക്കുകയും അതിരുകൾക്ക് സമീപമുള്ള പുല്ലുകൾ വെട്ടിമാറ്റുകയും ചെയ്യണം.