മൈക്കിന് വിട: തേക്കിൻകാട് വായിക്കുന്നു, തൃശൂർ റീഡ്സിലൂടെ

Monday 03 November 2025 12:46 AM IST

തൃശൂർ: മൈക്കും ആൾക്കൂട്ടവുമുണ്ടേൽ രാഷ്ട്രീയ പ്രാസംഗികരുടെ പ്രിയ തട്ടകമാകാറുള്ള തേക്കിൻകാടിനെ, കൈയിലൊരു പുസ്തകവുമായി വായനാപ്രേമികളുടെ ഇഷ്ട ഇടമാക്കുകയാണ് 'തൃശൂർ റീഡ്‌സ്'. രണ്ട് വർഷമായി തേക്കിൻകാടിന്റെ വടക്കെ മൂലയിൽ പുസ്തക വായനയിലൂടെ ആനന്ദം കണ്ടെത്തുകയാണ് ഈ കൂട്ടായ്മ. എല്ലാ ഞായറാഴ്ച്ചകളിലും മരങ്ങൾക്ക് കീഴെ തണലിടങ്ങളിൽ, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും പഠനത്തിനെത്തി താമസമാക്കിയവർ ഉൾപ്പെടെ പങ്കുചേരും. 18 മുതൽ അമ്പത് വയസ് വരെ പ്രായമുള്ളവരാണ് കൂട്ടത്തിലുള്ളത്. സർക്കാർ ജീവനക്കാർ, വിദ്യാർത്ഥികൾ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഇങ്ങനെ പോകുന്നു ആൾക്കൂട്ടം. പുതുതലമുറയിൽ നിന്നുള്ള വായനക്കാരാണ് അധികവും. എല്ലാ ആഴ്ച്ചകളിലും ചുരുങ്ങിയത് 15 പേരെങ്കിലുമെത്തും. മുപ്പത് പേർ വരെയെത്തുന്ന ആഴ്ച്ചകളുമുണ്ട്.

മൂന്ന് മണിക്കൂർ വരെ നീളും..!

എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ ഒമ്പതരയോടെ തേക്കിൻകാടിന്റെ മരത്തണലിൽ അവരവർ കൊണ്ടുവരുന്ന പായയോ, തുണിയോ വിരിക്കും. പിന്നെ രണ്ടരമണിക്കൂറോളം പുസ്തകങ്ങൾ കഥ പറയും. മൊബൈലിലും ടാബിലും വരെ വായിക്കാം. അവസാനത്തെ അരമണിക്കൂർ ചർച്ച. ചായ കുടിച്ച് പിരിയും. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ പ്രശംസിച്ച ബംഗളൂരുവിലുള്ള കബ്ബൻ റീഡ്‌സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ഗൗതം രണ്ട് വർഷം മുമ്പ് കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. കാലാവസ്ഥ പ്രതികൂലമാകുമ്പോൾ വഞ്ചിക്കുളത്തും ബാക്കി ദിവസങ്ങളിൽ തേക്കിൻകാടുമാണ് രീതി. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിവരങ്ങൾ കൈമാറുക.

മൈക്കില്ലാതെ വാർഷികം

രണ്ട് വർഷമായി വാർഷികാഘോഷവുമുണ്ട്. അവർക്ക് മുന്നിൽ മൈക്കുകളോ, ഉദ്ഘാടകനോ ഇല്ല. വായനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും മത്സരങ്ങളുമുണ്ടാകും. ചിലപ്പോൾ റീഡത്തോണും സംഘടിപ്പിക്കും. ഹാരിപോട്ടർ സീരീസ് മുഴുവൻ വായിക്കുന്ന പരിപാടി അങ്ങനെ നടത്തിയതാണ്. അതുപോലെ എം.ടി വിട പറഞ്ഞപ്പോൾ രണ്ടാമൂഴത്തെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു. ബുക്ക് മാർക്കുകൾ ഉണ്ടാക്കുന്ന സെഷനും നടത്തി.

വായിപ്പിക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യമാണ് കൂട്ടായ്മയ്ക്കുള്ളത്. ആർക്ക് വേണമെങ്കിലും പങ്കെടുക്കാം. 2023 ജൂണിലാണ് കൂട്ടായ്മയ്ക്ക് രൂപം നൽകിയത്.

-ഗൗതം, കൂട്ടായ്മ കോർഡിനേറ്റർ