എയ്ഞ്ചലിന്റെ സ്വപ്നം നേടാൻ കെ.സിയുടെ സമ്മാനം
Monday 03 November 2025 2:10 AM IST
ആലപ്പുഴ: എയ്ഞ്ചലിന് ഇനി പുതിയ സ്പൈക്കിട്ട് ഓടി ചരിത്രം സൃഷ്ടിക്കാം. കായികമേളയിൽ 800 മീറ്റർ റിലേയിൽ ഷൂസിലെ സ്പൈക്ക് ഊരി പോയതിനെത്തുടർന്ന് ഒന്നാംസ്ഥാനം നഷ്ടമായ എയ്ഞ്ചലിന് ഒരു ജോഡി സ്പൈക്ക് സമ്മാനിച്ച് കെ.സി.വേണുഗോപാൽ എം.പി. ഒരുകാലിലെ സ്പൈക്ക് ഊരി പോയിട്ടും മത്സരത്തിൽ നിന്ന് പിന്മാറാതെ എയ്ഞ്ചൽ മൂന്നാംസ്ഥാനം നേടി. ആലപ്പുഴ സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാഞ്ഞിരംചിറ പാല്യതയ്യിൽ ടെൻസിയുടെയും എൽസബത്തിന്റെയും മകൾ എയ്ഞ്ചൽ. സഹോദരൻ ഫ്രാഗ്ളിൻ.
ഓട്ടം പൂർത്തിയാക്കിയ ശേഷം ട്രാക്കിൽ പൊട്ടിക്കരഞ്ഞ എയ്‌ഞ്ചലിന്റെ മുഖം അന്ന് അവിടെയുണ്ടായിരുന്ന ആരും മറന്നിട്ടുണ്ടാവില്ല. ദേശീയ മത്സരത്തിൽ പങ്കെടുക്കണമെന്നതാണ് എയ്‌ഞ്ചലിന്റെയും കുടുംബത്തിന്റെയും സ്വപ്നം. അത് നേടുന്നവരെ ഒപ്പമുണ്ടാകുമെന്ന് വാക്കും നൽകിയാണ് എം.പി മടങ്ങിയത്.