അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന് ഒരുവയസ് ഡോക്ടർമാർക്കെതിരെ നടപടിയില്ല,​ പ്രതിഷേധിക്കാൻ കുടുംബം

Sunday 02 November 2025 10:12 PM IST

ആലപ്പുഴ: അസാധാരണ വൈകല്യങ്ങളോടെ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദിനും ഭാര്യ സുറുമിക്കും പിറന്ന മകൻ ഇസാൻ മുഹമ്മദിന് ഈ മാസം എട്ടിന് ഒന്നാം പിറന്നാളാണ്. രണ്ട് ചേച്ചിമാർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ച് ജന്മദിനം ആഘോഷമാക്കേണ്ടിയിരുന്ന കുഞ്ഞിനൊപ്പം അന്നേ ദിവസം ഡി.എം.ഒ ഓഫീസിൽ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് മാതാപിതാക്കൾ. ഇതിന് മുന്നോടിയായ അറിയിപ്പ് ഇന്ന് ജില്ലാ കളക്ടർക്കും മെഡിക്കൽ ഓഫീസർക്കും കൈമാറും. ജനിച്ച ദിവസം മുതൽ ശരീരത്തിന്റെ ഭാഗമായി തീർന്ന ട്യൂബ് വഴിയാണ് കുഞ്ഞ് ഇപ്പോഴും മുലപ്പാൽ കുടിക്കുന്നത്. അടുത്തിടെ നടത്തിയ എം.ആർ.ഐ പരിശോധനയിൽ തലച്ചോറിന് പ്രവർത്തനമില്ലെന്നും, കേൾവി, കാഴ്ച ശക്തികളില്ലെന്നും വ്യക്തമായെന്ന് രക്ഷിതാക്കൾ പറയുന്നു. കുട്ടിയും കുടുംബവും കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യപ്പെട്ട ഡോക്ടർമാർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് കുടുംബം സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ചികിത്സാപ്പിഴവ് വരുത്തിയ കടപ്പുറം വനിതാ -ശിശു ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്ത് ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ കത്ത് ഇപ്പോഴും സർക്കാരിന്റെ പരിഗണനയിലാണ്. കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റുകളായ ഡോ.സി.വി.പുഷ്പകുമാരി, ഡോ.കെ.ഐ.ഷേർളി എന്നിവർക്കെതിരെയാണ് നടപടി ശുപാർശയുണ്ടായത്. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. ഗർഭാവസ്ഥയിൽ അപകടസാദ്ധ്യത സംബന്ധിച്ച ആശയവിനിമയം രണ്ട് ഡോക്ടർമാരും നടത്തിയില്ലെന്നായിരുന്ന വിലയിരുത്തൽ.സ്കാനിംഗ് നടത്തിയ സ്വകാര്യ ലാബുകൾ പേരുകൾ മാറ്റി പ്രവർത്തനം പുനരാരംഭിച്ചതായും കുടുംബം കുറ്റപ്പെടുത്തി.

നിരവധി പരാതികൾ നൽകിയിട്ടും ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാത്തത് ആരോഗ്യവകുപ്പ് സംരക്ഷിക്കുന്നതുകൊണ്ടാണ്. നാല് ഡോക്ടർമാരുടെ ചികിത്സ കാരണം എന്റെ കുടുംബമാണ് തകർന്നത്. സുഹൃത്തുക്കളുടെ സഹായത്തിലാണ് ജീവിതം മുന്നോട്ടു പോകുന്നത്

- അനീഷ്, ഇസാന്റെ പിതാവ്