5 വർഷം, 20 സംസ്ഥാനങ്ങൾ 'സൈക്കിൾ ഗൗഡ' യാത്ര തുടരുന്നു

Monday 03 November 2025 3:09 AM IST

തിരുവനന്തപുരം: മുറി ഹിന്ദിയും തമിഴും ഇംഗ്ലീഷുമൊക്കെയാണ് ഭാഷ. തുരുമ്പെടുത്ത് തുടങ്ങിയ സൈക്കിളിൽ തൂങ്ങിക്കിടക്കുന്ന ഭാണ്ഡക്കെട്ടുകളിൽ പഴയ തുണികൾക്കൊപ്പം 20 സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച അനുഭവങ്ങളുടെ ശേഖരവുമുണ്ട്. അഞ്ചുവർഷം മുൻപ് ജന്മനാടായ കർണാടകയിലെ ഹാസ്സനിൽ നിന്ന് സൈക്കിളിൽ യാത്ര തുടങ്ങിയതാണ് നാഗരാജ് ഗൗഡ. മഹാരാഷ്ട്രയും ഗുജറാത്തും രാജസ്ഥാനും ഹിമാചലും ഡൽഹിയും ബീഹാറും ആന്ധ്രയും തെലങ്കാനയും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പിന്നിട്ട യാത്ര കഴിഞ്ഞദിവസം കേരളത്തിലെത്തി. ഇനി പദ്മനാഭന്റെ നാട്ടിൽ കുറച്ചുദിവസം ചെലവിടാനാണ് 65കാരനായ ഗൗഡയുടെ തീരുമാനം.

പണ്ട് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്നു ഗൗഡ. യാത്രചെയ്യാൻ ചെറുപ്പത്തിലേ താത്പര്യമായിരുന്നു. തൊഴിൽ ചെയ്തുകിട്ടുന്ന തുച്ഛമായ തുക സ്വരുക്കൂട്ടി. അവിവാഹിതനായ ഗൗഡ ഒരുദിവസം സഹോദരങ്ങളോട് യാത്ര പറഞ്ഞ് സൈക്കിളുമെടുത്ത് വീടുവിട്ടിറങ്ങി. ലോകസമാധാനത്തിന്റെ സന്ദേശം തന്റെ യാത്രയിലൂടെ സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ തീരുമാനിച്ചു. യാത്രചെയ്ത നാടുകളിലെ ജനപ്രതിനിധികളുമായി ഈ വിഷയത്തിൽ ചർച്ചകൾ നടത്തി. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെ അഞ്ചു മുഖ്യമന്ത്രിമാരെ നേരിൽ കണ്ടു. പരിസ്ഥിതി സംരക്ഷണത്തിനായി ആഹ്വാനം ചെയ്തു. സത്രങ്ങളിലും ആരാധനാലയങ്ങളിലും അന്തിയുറങ്ങി. സമ്പാദ്യം തീർന്നപ്പോൾ ഭക്ഷണം അമ്പലങ്ങളിൽ നിന്നായി. ആരോടും പണം ചോദിക്കില്ല. എന്നാൽ, സ്നേഹത്തോടെ ഭക്ഷണമോ കാശോ വച്ചുനീട്ടിയാൽ സ്വീകരിക്കും. ഇതിനിടയിൽ രാജ്യത്തിന്റെ പട്ടിണിയും ദാരിദ്ര്യവുമൊക്കെ അടുത്തുകണ്ടു. ചില ഹിന്ദി സിനിമകളിലും തലകാണിച്ചു.അഞ്ചുവർഷിനിടെ രണ്ടുവട്ടം മാത്രം ജന്മനാട്ടിലേക്ക് പോയി. അതും സൈക്കിളിൽ. ഇന്നലെ വൈകിട്ട് പേട്ടയിലെ കേരളകൗമുദി ഓഫീസിലും ഗൗഡ എത്തിച്ചേർന്നു. രാത്രി പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ കിടന്നു. ഇനിയടുത്തത് കർണാടകത്തിലേക്കാണ്.

ഹെൽത്ത് ആൾ റൈറ്റ് ഈ അലച്ചിലിനിടയിലും ആരോഗ്യപ്രശ്നങ്ങൾ ഏതുമില്ല. സൈക്കിൾസവാരി ആരോഗ്യം മെച്ചപ്പെടുത്തിയെന്ന് ഗൗഡ പറയുന്നു. ബൈക്കിലായിരുന്നു യാത്രയെങ്കിൽ പെട്രോൾ ചെലവും വലച്ചേനെ. ജീവിതകാലം മുഴുവൻ യാത്ര തുടരണമെന്ന് ഗൗഡ പറയുന്നു.