റോഡിന്റെ വശങ്ങൾ തകർന്നു; ഇരുമ്പ-കെൽട്രോൺ റോഡിൽ അപകടം. മരുതംകോട് വളവിലും റോഡിന്റെ വശം തകർന്നു

Monday 03 November 2025 2:32 AM IST

നെടുമങ്ങാട്: തുടർച്ചയായ മഴയിൽ റോഡിന്റെ വശങ്ങൾ തകർന്നതോടെ ഇരുമ്പ- കരകുളം കെൽട്രോൺ റോഡിലെ യാത്ര ദുരിതപൂർണമാകുന്നു. റോഡിന്റെ പല ഭാഗങ്ങളും വശങ്ങളും ഇടിഞ്ഞു താഴ്ന്ന നിലയിലായതിനാൽ അപായഭീതിയിലാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.വീതികുറഞ്ഞ റോഡിൽ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനത്തിന് സൈഡൊതുക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. മരുതംകോട് വളവിൽ റോഡിന്റെ വശം അപകടകരമായ നിലയിൽ ഇടിഞ്ഞുതാഴുകയാണ്.

സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്.വഴയില- പഴകുറ്റി റോഡുവികസനത്തിന്റെ ഭാഗമായി പ്രധാനപാത അടച്ചതോടെ നഗരപ്രദേശങ്ങളിൽ നിന്ന് നെടുമങ്ങാട്ടേക്കും തിരിച്ചും പോകുന്നവരുടെ പ്രധാന ആശ്രയം ഈ റോഡാണ്.റോഡ് പുറമ്പോക്കുകൾ അനധികൃതമായി കൈയേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി യാത്രക്കാർ പറയുന്നു.

അപകടങ്ങൾ നിത്യസംഭവം

മിക്ക വീടുകളിലെയും മതിലുകൾ നിർമ്മിച്ചിരിക്കുന്നത് റോഡിലിറക്കിയാണ്.മാസങ്ങൾക്കു മുമ്പ് കരകുളം കെൽട്രോൺ ജംഗ്‌ഷൻ സ്വദേശിയായ ഗോപകുമാർ നടുറോഡിൽ ബൈക്കിടിച്ച് മരിച്ചു.അപകടങ്ങൾ നിത്യസംഭവമായിട്ടും അധികൃതർ അനങ്ങുന്നില്ലെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് കരകുളം- ഇരുമ്പ റോഡിന്റെ വീതികൂട്ടി ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.