അഫ്‌ഗാനെ ഞെട്ടിച്ച് പുലർച്ചെ ഭൂചലനം, ഏഴ് മരണം, 150പേർക്ക് പരിക്കേറ്റു

Monday 03 November 2025 7:20 AM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ മസർ-ഇ-ഷെരിഫിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവെ അറിയിച്ചു. സംഭവത്തിൽ ഏഴുപേർ മരിക്കുകയും 150 ലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു എന്നാണ് വിവരം. ആശുപത്രികളിൽ എത്തിച്ചവരുടെ മാത്രം കണക്കാണിത്. സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

ഓറഞ്ച് അലർട്ടാണ് ഭൂകമ്പത്തിന് യുഎസ്‌ജിഎസ് നൽകിയിരിക്കുന്നത്. വ്യാപകമായ ദുരന്തത്തിനും കാര്യമായ നാശനഷ്‌ടത്തിനുമുള്ള സാദ്ധ്യതയാണ് ഇതുകൊണ്ട് അ‌ർത്ഥമാക്കുന്നത്. മസർ-ഇ-ഷെരിഫിൽ ഭൂമിയുടെ 28 കിലോമീറ്റർ ഉള്ളിലായാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ പ്രകമ്പനം അയൽരാജ്യങ്ങളായ തുർക്ക്‌മെനിസ്ഥാൻ, കസാഖിസ്ഥാൻ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു.

കെട്ടിടങ്ങൾ വ്യാപകമായി തകർന്നതിന്റെയും അത്തരം അവശിഷ്‌ടങ്ങളിൽ നിന്നും ആളുകളെ പുറത്തെത്തിക്കുന്നതിന്റെയും വീഡിയോകൾ സമൂഹമാദ്ധ്യമമായ എക്‌സിൽ പ്രചരിക്കുന്നുണ്ട്. താലിബാൻ ഏകാധിപത്യത്തിൽ പ്രയാസമനുഭവിക്കുന്ന അഫ്‌ഗാനിൽ ഓഗസ്റ്റ് മാസത്തിലും ശക്തമായൊരു ഭൂചലനം ഉണ്ടായിരുന്നു. അന്ന് ആയിരത്തിലധികം പേരാണ് മരിച്ചത്.