'സൈനിക നടപടി ഉടൻ": നൈജീരിയയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

Monday 03 November 2025 7:48 AM IST

വാഷിംഗ്ടൺ: നൈജീരിയയിൽ ഭീകരർക്കെതിരെ തങ്ങൾ സൈനിക നടപടി തുടങ്ങുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൈജീരിയയിൽ ക്രൈസ്‌തവർ വേട്ടയാടപ്പെടുകയാണെന്നും അവരെ രക്ഷിക്കാനുള്ള ദൗത്യത്തിന് യു.എസ് തയ്യാറാറെന്നും ട്രംപ് പറയുന്നു. ക്രിസ്‌ത്യാനികളെ സംരക്ഷിക്കുന്നതിന് നൈജീരിയൻ സർക്കാർ പരാജയപ്പെട്ടാൽ ഉടൻ സൈനിക ഇടപെടൽ ആരംഭിക്കാൻ സജ്ജമായിരിക്കണമെന്ന് പ്രതിരോധ മന്ത്രാലയത്തിന് ട്രംപ് നിർദ്ദേശം നൽകി.

നൈജീരിയയിലേക്കുള്ള സഹായ വിതരണം നിറുത്തുമെന്നും ട്രംപ് പറഞ്ഞു. ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നെന്ന് കാട്ടി നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിലും യു.എസ് ഉൾപ്പെടുത്തി. അതേ സമയം, ക്രിസ്ത്യൻ സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങൾ തടയുന്നില്ലെന്ന ആരോപണം നൈജീരിയൻ സർക്കാർ തള്ളി.

മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബന്ധമാണെന്ന് പ്രസിഡന്റ് ബോല അഹ്‌മ്മദ് അബു ടിനുബു പറഞ്ഞു. തീവ്രവാദം ചെറുക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും യു.എസുമായുള്ള സഹകരണം തുടരുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. രാജ്യത്ത് എല്ലാ വിഭാഗക്കാരും ആക്രമിക്കപ്പെടുന്നുണ്ടെന്ന് നൈജീരിയ പറയുന്നു.

കഴിഞ്ഞ 15 വർഷത്തിനിടെ ബൊക്കൊ ഹറാം തീവ്രവാദികളുടെയും ഐസിസിന്റെ നിയന്ത്രണത്തിലുള്ള ഭീകര സംഘടനകളുടെയും ആക്രമണങ്ങൾ തുടരുന്ന നൈജീരിയയിൽ ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്.