യു.കെയിൽ കത്തിയാക്രമണം: 11 പേർക്ക് പരിക്ക്

Monday 03 November 2025 7:48 AM IST

ലണ്ടൻ: യു.കെയിൽ ഓടുന്ന ട്രെയിനിലുണ്ടായ കത്തിയാക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടനിലേക്ക് വരികയായിരുന്ന ട്രെയിനിലായിരുന്നു സംഭവം. 32 വയസുള്ള ബ്രിട്ടീഷ് പൗരനായ അക്രമിയെ പൊലീസ് പിടികൂടി. ട്രെയിൻ പീറ്റർബറ സ്റ്റേഷൻ വിട്ടയുടനായിരുന്നു ആക്രമണം. വിവരം ലഭിച്ചയുടൻ കേംബ്രിഡ്ജ്‌ഷെയറിലെ ഹണ്ടിംഗ്ഡൺ സ്റ്റേഷനിൽ നിന്ന് ട്രെയിനിലേക്ക് കടന്ന പൊലീസ് അക്രമിയെ പിടികൂടുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പിന്നിൽ ഭീകര ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.