തെലങ്കാനയിൽ അമിതവേഗത്തിലെത്തിയ ട്രക്കും ബസും കൂട്ടിയിടിച്ച് അപകടം;17 പേർ മരിച്ചു, പരിക്കേറ്റവർ ഗുരുതരാവസ്ഥയിൽ

Monday 03 November 2025 9:55 AM IST

ഹൈദരാബാദ്: തെലങ്കാനയിൽ അമിതവേഗതയിലെത്തിയ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് ദാരുണാന്ത്യം. ചെവ്വല്ല മണ്ഡലത്തിലെ ഖാനാപൂർ ഗേ​റ്റിന് സമീപം ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ പത്തുപേർക്ക് പരിക്കേ​റ്റിട്ടുണ്ട്. തെലങ്കാന സ്​റ്റേ​റ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ (ടിജിആർടിസി) ബസാണ് അപകടത്തിൽപ്പെട്ടത്. ട്രക്കിന്റെ ഡ്രൈവറും മരിച്ചതായാണ് വിവരം.

തെ​റ്റായ ദിശയിലൂടെ അമിതവേഗതയിലെത്തിയ ട്രക്ക് എതിർദിശയിൽ നിന്നുവന്ന ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തകർന്ന ബസിൽ നിന്ന് ഏറെനേരം പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസിൽ 40 പേരുണ്ടായിരുന്നു. പരിക്കേ​റ്റവരെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചിട്ടുണ്ടെന്നും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

സംഭവത്തിൽ തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകർ ഖേദം പ്രകടിപ്പിച്ചു. മരിച്ചവരുടെയും പരിക്കേ​റ്റവരുടെയും കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും പരിക്കേ​റ്റവർക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.