മകനെ ജാതീയമായി അധിക്ഷേപിച്ചു; കുട്ടിയുടെ പാന്റിനുള്ളിൽ അദ്ധ്യാപകർ തേളിനെയിട്ടു; കുടുംബത്തിന്റെ പരാതിയിൽ കേസ്

Monday 03 November 2025 11:30 AM IST

ഷിംല: ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ. ഷിംലയിലെ റോഹ്രു സബേ ഡിവിഷനിൽ ഖദ്ദാപാനി പ്രദേശത്തുള്ള സർക്കാർ സ്‌കൂളിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാർത്ഥിയെയാണ് പ്രധാനാദ്ധ്യാപകനും മറ്റ് അദ്ധ്യാപകരും ചേർന്ന് ഉപദ്രവിച്ചത്. ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു.

അദ്ധ്യാപകർ മകനെ സ്‌കൂളിലെ ടോയ്‌‌ലറ്റിൽ കൊണ്ടുപോയാണ് തേളിനെ പാന്റിനുള്ളിലിട്ടതെന്ന് വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ പ്രധാനാദ്ധ്യാപകൻ ദേവേന്ദ്ര, അദ്ധ്യാപകരായ ബാബുറാം, കൃതിക ഠാക്കുർ എന്നിവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. വിദ്യാർത്ഥിയുടെ വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റിയതിനും, അന്തസിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾക്ക് വിധേയമാക്കിയതിനും എസ്‌സി/എസ്‌ടി നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ഒരു വർഷമായി കുട്ടിയെ അദ്ധ്യാപകർ മർദിക്കുന്നുവെന്നാണ് പരാതിയിലുള്ളത്. ഒരിക്കൽ മർദനത്തിൽ കുട്ടിയുടെ ചെവിയിൽ നിന്ന് രക്തം വരികയും കർണപുടം തകരാറിലാകുകയും ചെയ്തു. ഒക്‌ടോബർ മുപ്പതിന് പ്രധാനാദ്ധ്യാപകൻ കുട്ടിയെ സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി.

പൊലീസിൽ പരാതിപ്പെടുകയോ വിഷയം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയോ ചെയ്താൽ ചുട്ടുകൊല്ലുമെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. സ്‌കൂളിലെ മറ്റ് വിദ്യാർത്ഥികൾക്കൊപ്പം ഇരുത്തിയല്ല ദളിത് വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകുന്നതെന്നും കുടുംബം ആരോപിക്കുന്നു. കൃതിക ഠാക്കുറിന്റെ ഭർത്താവ് കഴിഞ്ഞ ഒരു വർഷമായി നിയമവിരുദ്ധമായി ഈ സ്കൂളിൽ പഠിപ്പിക്കുന്നുണ്ടെന്നും വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു.