വ്യായാമം ചെയ്യാതെ അമിതഭാരം കുറയും; ട്രെൻഡിന് പിന്നാലെ പോയവരുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്
അമിതവണ്ണം എന്നത് ഇന്ന് മിക്കയാളുകളും നേരിടുന്ന പ്രതിസന്ധിയാണ്. അനാരോഗ്യകരമായ ജീവിതരീതിയും തൈറോയ്ഡ് അടക്കമുള്ള ആരോഗ്യാവസ്ഥയുമൊക്കെ അമിതവണ്ണത്തിന് കാരണമാണ്. ചിലർ വ്യായാമത്തിലൂടെയും കൃത്യമായ ഡയറ്റിലൂടെയും ആരോഗ്യകരമായ രീതിയിൽ തടി കുറയ്ക്കാൻ ശ്രമിക്കുന്നു. എന്നാൽ മറ്റുചിലരാകട്ടെ ഇൻസ്റ്റന്റ് സൊല്യൂഷനാണ് തേടാറ്.
അമിതവണ്ണം കുറയ്ക്കുമെന്ന അവകാശവാദത്തോടെ ഒസെംപിക്, വെഗോവി തുടങ്ങി ചില മരുന്നുകൾ യുഎസിലെയും യുകെയിലെയുമൊക്കെ വിപണിയിൽ ലഭ്യമാണ്. എന്നാൽ റഷ്യൻ യുവാക്കളുടെ ടിക് ടോക്കിൽ വൈറലായ ഒരു ഗുളികയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ലോകം.
മോളിക്യൂൾ എന്നാണ് ഗുളികയുടെ പേര്. 'മോളിക്യൂൾ എടുക്കൂ, ഭക്ഷണം മറക്കൂ' എന്ന അടിക്കുറിപ്പുകൾ കൊണ്ട് റഷ്യയിലെ നിരവധി യുവാക്കളുടെ സോഷ്യൽ മീഡിയ ഫീഡുകൾ നിറഞ്ഞിരിക്കുകയാണ്. കൗമാരക്കാർ വൈറൽ ഗുളികകൾ പരീക്ഷിച്ചു നോക്കുകയും അവരുടെ വെയ്റ്റ് ലോസ് ജേർണി ലോകവുമായി പങ്കിടുകയും ചെയ്യുന്നു. എന്നാൽ പല മരുന്നുകളെയും പോലെ ഇതിനും പാർശ്വഫലങ്ങളുണ്ട്.
അത്തരത്തിൽ പാർശ്വഫലങ്ങൾ അനുഭവിക്കുന്നൊരാളാണ് ഇരുപത്തിരണ്ടുകാരിയായ മരിയ. ഓൺലൈൻ വഴിയാണ് യുവതി മരുന്ന് വാങ്ങിയത്. പ്രതിദിനം രണ്ടുവീതം ഗുളിക കഴിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ യുവതിയുടെ വായ വരണ്ടു, വിശപ്പ് പൂർണ്ണമായും നഷ്ടപ്പെട്ടു കൂടാതെ മൂഡ്സ്വിംഗ്സ് അടക്കമുള്ളവയും ഉണ്ടായി. ഈ ഗുളിക ഉപയോഗിച്ച ചിലർക്ക് വിറയൽ, ഉറക്കമില്ലായ്മ പോലുള്ള അവസ്ഥയിലൂടെ കടന്നുപോകേണ്ടിവന്നു.
കുറിപ്പടിയുള്ളവർക്ക് മാത്രം
റഷ്യയിൽ ഈ മരുന്ന് ഇപ്പോഴും പൊണ്ണത്തടി ചികിത്സിക്കാൻ ഉപയോഗിക്കുന്നു. പക്ഷേ ഡോക്ടറുടെ കുറിപ്പടി വഴി മാത്രമേ ഇത് ലഭ്യമാകൂ. കുറിപ്പടിയില്ലാതെ ഇത് വാങ്ങുന്നതും വിൽക്കുന്നതും ക്രിമിനൽ കുറ്റമാണ്. പക്ഷേ പലരും നിയമവിരുദ്ധമായ വഴിയിലൂടെ ഈ മരുന്ന് വാങ്ങുന്നു.
മരുന്നിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുകയാണെന്ന് എൻഡോക്രെനോളജിസ്റ്റ് ക്‌സെനിയ സോളോവീവ അഭിപ്രായപ്പെട്ടു. നിയമനടപടകളിലേക്ക് റഷ്യൻ സർക്കാർ കടന്നതോടെ പല ഓൺലൈൻ വിപണികളും ഈ മരുന്നിന്റെ വിൽപ്പന നിർത്തിവച്ചു. എന്നിരുന്നാലും, പുതിയ പേരിൽ ഇത് വിപണിയിൽ പുറത്തിറങ്ങി.
ഓസെംപിക നിന്ന് മോളിക്യൂൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഓസെംപിക് ദഹനം മന്ദഗതിയിലാക്കുന്നതിലൂടെയും, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിലൂടെയും, വയറു നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ പ്രത്യേക അവസ്ഥകൾക്കായി ഉദ്ദേശിച്ചിട്ടുള്ളതാണ്. ഓസെംപികിന് യുണൈറ്റ്ഡ് സ്‌റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരമുണ്ട്. ക്ലിനിക്കൽ പരീക്ഷണങ്ങളും ഇതിനെ പിന്തുണയ്ക്കുന്നു.
മറുവശത്ത്, മോളിക്യൂൾ ഗുളികകൾ ഒരു ഭാരം കുറയ്ക്കൽ സപ്ലിമെന്റായി വിപണനം ചെയ്യപ്പെടുന്നു. കൂടാതെ നിരോധിത പദാർത്ഥമായ സിബുട്രാമൈനും മറ്റ് അജ്ഞാത ചേരുവകളും അടങ്ങിയിരിക്കുന്നു. പല രാജ്യങ്ങളിലും ഈ ഗുളികയുടെ വിൽപ്പന നിരോധിച്ചിരിക്കുന്നു. ഇത്രയും പ്രശ്നമുണ്ടായിട്ടും ഓസെംപിക് പോലുള്ള മരുന്നുകൾ വിപണിയിൽ ലഭ്യമായിരിക്കെ റഷ്യക്കാർ ഇപ്പോഴും ഈ ഗുളികകൾ വാങ്ങുന്നത് എന്തുകൊണ്ടാണ്? ഈ ലൈസൻസില്ലാത്ത ഗുളികകൾക്ക് 20 ദിവസത്തേക്ക് 800 രൂപ വില വരും. എന്നാൽ ഭാരം കുറയ്ക്കാനായുള്ള അംഗീകൃത മരുന്നുകൾ വാങ്ങാൻ പതിനായിരങ്ങൾ ചെലവാക്കേണ്ടിവരും. ഈ വിലക്കുറവ് തന്നെയാണ് മോളിക്യുലാർ ഗുളികകൾക്ക് പിന്നാലെ പോകാൻ പ്രേരിപ്പിക്കുന്നത്.