ചിക്കൻ ഫ്രൈയുടെ പേരിൽ കല്യാണ വീട്ടിൽ കൂട്ടത്തല്ല്; ഒരാൾ ഗുരുതരാവസ്ഥയിൽ

Monday 03 November 2025 3:52 PM IST

ലക്‌നൗ: ചിക്കൻ ഫ്രൈയുടെ പേരിൽ കല്യാണവീട്ടിൽ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് സംഭവം. വധുവിന്റെയും വരന്റെയും ഭാഗത്തുള്ളവർ ചേരിതിരിഞ്ഞാണ് സംഘർഷമുണ്ടായത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അവസാനം പൊലീസ് ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘർഷത്തിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ പെട്ടുപോയെന്നാണ് സംഭവം കണ്ടുനിന്ന ഒരാൾ പറഞ്ഞത്. 'ഞങ്ങൾ വിവാഹത്തിൽ പങ്കെടുക്കാൻ വന്നതാണ്. ചിക്കൻ ഫ്രൈ നൽകുന്ന കൗണ്ടറിന് മുന്നിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നുണ്ടായിരുന്നു. അതിഥികൾ ചിക്കൻ ഫ്രൈയ്‌ക്കായി കാത്തുനിൽക്കുന്നതിനിടെ പെട്ടെന്നാണ് സംഘർഷമുണ്ടായത്. സ്‌ത്രീകളും കുട്ടികളും ഇതിൽപ്പെട്ടുപോയി. വലിയ തിക്കും തിരക്കുമുണ്ടായി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ആളുടെ നില ഗുരുതരമാണ് ' - ദൃക്‌സാക്ഷി പറഞ്ഞു.

സംഭവം കണ്ടുനിന്ന മറ്റൊരാൾ അറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥർ എത്തിയതോടെ സ്ഥിതിഗതികൾ ശാന്തമായി. വീണ്ടും സംഘർഷമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ വിവാഹച്ചടങ്ങുകൾ കഴിയുന്നതുവരെ പൊലീസ് സ്ഥലത്തുണ്ടായിരുന്നു.