ട്രാൻ.ബസ് ട്രയിലർ ലോറിയിൽ ഇടിച്ചു; നാല് പേർക്ക് പരിക്ക്

Tuesday 04 November 2025 1:58 AM IST

അരൂർ: ഉയരപ്പാത നിർമാണ മേഖലയിൽ വീണ്ടും അപകടം. എരമല്ലൂരിൽ ലോ ഫ്ലോർ കെ.എസ്.ആർ.ടി.സി ബസ് പാർക്ക് ചെയ്തിരുന്ന ട്രയിലർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8.30 ന് അയിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് എരമല്ലൂർ മോഹം ആശുപത്രിക്കുമുന്നിലാണ് അപകടത്തിൽപ്പെട്ടത്. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രയിലർ ലോറിയിലാണ് ബസ് ഇടിച്ചത്.ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റ യാത്രികരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി. അപകടം ഗതാഗത കുരുക്കിന് ഇടയാക്കി.