നെല്ല് ടോറസ് എത്തുന്നിടത്തേക്ക് കൊണ്ടുവരണമെന്ന് മില്ലുടമകൾ

Tuesday 04 November 2025 1:31 AM IST

അമ്പലപ്പുഴ : സംഭരിക്കണമെങ്കിൽ നെല്ല് ടോറസ് ലോറി വരുന്ന റോഡിൽ എത്തിക്കണമെന്ന മില്ലുടമകളുടെ പിടിവാശി കർഷകരെ വീണ്ടും ദുരിതത്തിലാക്കി. കൊയ്ത നെല്ല് 18 ദിവസമായി റോഡിൽ കൂട്ടിയിട്ടിരിക്കുന്ന പുന്നപ്ര തെക്ക് കൃഷിഭവനുകീഴിലെ പാര്യക്കാടൻ പാടശേഖരത്തെ കർഷകരാണ് ആശങ്കയിലായത്.

കിഴിവിന്റെ കാര്യം ഒത്തുതീർപ്പായി നെല്ല് സംഭരിക്കാനായി മില്ലുകാർ എത്തിയപ്പോഴാണ് ടോറസ് കയറുന്ന പഴയ നടക്കാവ് റോഡിലേക്ക് നെല്ല് എത്തിക്കാൻ ആവശ്യപ്പെട്ടത്. മിനിലോറിയിൽ പഴയ നടക്കാവ് റോഡിൽ നെല്ല് എത്തിക്കണമെങ്കിൽ വീണ്ടും മിനിലോറി ഒന്നിന് 500 രൂപ വീതം കർഷകർ നൽകണം.

. 6 മീറ്റർ വീതിയും ഒരു കി.മീറ്റർ നീളവുമുള്ള റോഡിലാണ് നെല്ല് കൂട്ടിയിട്ടിരിക്കുന്നത്. വലിയ ലോറി ഇവിടെ വരാറുണ്ടെന്നാണ് കർഷകർ പറയുന്നത്. എന്നിട്ടും കർഷകരെ ദുരിതത്തിലാക്കാനായാണ് പഴയ നടക്കാവ് റോഡ് വരെ നെല്ല് എത്തിക്കാൻ ആവശ്യപ്പെടുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.