59ാം വയസിലും എന്താ ഒരിത്; ചിത്രങ്ങൾ പങ്കുവച്ച് സൽമാൻ ഖാൻ

Monday 03 November 2025 10:49 PM IST

59ാം വയസിലും ആരാധകരെ വിസ്മയിപ്പിക്കുകയാണ് ബോളിവുഡ‌് സൂപ്പർ താരം സൽമാൻ ഖാൻ. ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വീണ്ടും തെളിയിച്ച് സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്. തന്റെ സിക്സ് പായ്ക്ക് പ്രദർശിപ്പിക്കുന്ന കരുത്തുറ്റ ശരീരത്തെയാണ് താരം പങ്കുവച്ചിരിക്കുന്നത്. പുതിയ ചിത്രമായ 'ബാറ്റിൽ ഓഫ് ഗാൽവാൻ'-ന്റെ ഒരുക്കത്തിലാണ് സൽമാൻ ഖാൻ. പ്രായം വെറും അക്കമാണെന്ന് തെളിയിക്കുന്ന താരത്തിന്റെ അർപ്പണബോധം ആരാധകരെയും അമ്പരപ്പിക്കുകയാണ് ചെയ്യുന്നത്.

എന്തെങ്കിലും നേടണമെങ്കിൽ ചിലതൊക്കെ ഉപേക്ഷിക്കണം,​ ഇതെല്ലാം ത്യാഗം ചെയ്യാതെ നേടിയതാണെന്ന അടിക്കുറിപ്പോടെയാണ് സൂപ്പർ താരം തന്റെ ചിത്രങ്ങൾ പങ്കിട്ടത്. നിമിഷങ്ങൾ കൊണ്ടാണ് സൽമാന്റെ പോസ്റ്റ് വൈറലായത്. ആരാധകരുടെ സ്നേഹ പ്രവാഹത്താൽ കമന്റ് ബോക്സ് നിറഞ്ഞു. താരത്തിന്റെ പുതിയ മാറ്റത്തേയും ചിത്രത്തിന് നൽകിയ അടിക്കുറിപ്പിനെയും നിരവധി പേർ പ്രശംസിച്ചു. 'ബോഡിബിൽഡർ ഐക്കൺ ഓഫ് ദി ഇന്ത്യ' എന്നാണ് ഒരാൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഫിറ്റ്നസ് ട്രെൻഡ് സെറ്റർ ആരാണെന്ന് ഒരിക്കൽ കൂടി സൽമാൻ ഭായ് തെളിയിച്ചിരിക്കുന്നുവെന്നും കമന്റുകൾ വന്നു.

'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന പുതിയ സിനിമയിൽ സൈനികന്റെ വേഷത്തിലാണ് താരം എത്തുന്നത്. 2020ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷമാണ് സിനിമയുടെ പ്രമേയം. രാജ്യസ്നേഹം വിളിച്ചോതുന്ന സൈനികരുടെ ത്യാഗവും,​ ധൈര്യവുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സൽമാൻ ഖാനൊപ്പം ചിത്രംഗദ സിംഗും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതേസമയം അഭ്യൂഹങ്ങൾ ശരിയാണെങ്കിൽ ബാറ്റിൽ ഓഫ് ഗാൽവാനിലൂടെ നടൻ ഗോവിന്ദ ബോളിവുഡിൽ മടങ്ങിയെത്തുമെന്നാണ് വിവരം.